Thursday, January 31, 2008

പ്രണയം

ഇന്ദ്രിയദാഹങ്ങള്‍ ഫണമുയര്‍ത്തുമ്പോള്‍
അന്ധമാം മോഹങ്ങള്‍ നിഴല്‍ വിരിക്കുമ്പോള്‍
പ്രണവം ചിലമ്പുന്നു
പാപം ജ്വലിക്കുന്നു
ഹൃദയങ്ങള്‍ വേര്‍പിരിയുന്നു
വഴിയിലീകാലമുപേക്ഷിച്ച വാക്കുപോല്‍
പ്രണയം അനാഥമാകുന്നു...
പ്രപഞ്ചം അശാന്തമാകുന്നു...

...................................... മധുസൂദനന്‍ നായര്‍

Thursday, January 24, 2008

അകലെ... *

എനിക്ക് പശ്ചാത്താപമില്ല റോസ്, പക്ഷെ വേദനയുണ്ട്. അത് രണ്ടും ഒന്നല്ല എനിക്കറിയാം. ഒരു നിമിഷം കൊണ്ടു ചിലപ്പോള്‍ നമുക്ക് ഒരായുസ്സു മുഴുവന്‍ ജീവിച്ചു തീര്‍ക്കാം. ശുഭാന്ത്യമില്ല റോസ് ഈ കഥയ്ക്ക്. കാരണം ഒന്നും അവസാനിക്കുന്നില്ല ഈ ജീവിതത്തില്‍. ഒന്നും...

റോസ്, എന്റെ ഉള്‍തളങ്ങളില്‍ നിന്റെ ഈ മെഴുകുതിരിവെട്ടം എന്നെ എത്ര കാലമായി പിന്തുടരുന്നു. ഇടിമിന്നലുകള്‍ വെട്ടിത്തിളങ്ങുന്ന പ്രകാശമാണിന്നു ലോകത്തിന്. അതിനു മുന്നില്‍ നിന്റെ ഈ മെഴുകുതിരി വെട്ടത്തിനെന്തു കാര്യം? കെടുത്തിക്കളയൂ റോസ്... ഇനി ആ മെഴുകുതിരികള്‍ അണച്ചു കളയൂ.

അനശ്വരമായി ഒന്നുമില്ല റോസ് ഈ ഭൂമിയില്‍... പക്ഷെ സ്നേഹമുണ്ട്... ആര്‍ദ്രതയുണ്ട്... ജീവിതമുണ്ട്‌... അതു മതി... എനിക്കതു മതി...

................... ശ്യാമപ്രസാദ് (അകലെ)

Wednesday, January 23, 2008

വിധിയുടെ കയ്യൊപ്പ്... *

പുകയിലപ്പാടത്തിനപ്പുറത്തേക്ക് സൂര്യന്‍ മറയുന്ന ബാല്യത്തിന്റെ പകലറുതികള്‍ അവനെ കരയിച്ചിരുന്നു. ആഴ്ച്ചയവധിക്ക് വീട്ടില്‍ പോകുന്ന കൂട്ടുകാരിയെ യാത്രയാക്കി തിരിച്ചെത്തുമ്പോള്‍ ഹോസ്റ്റല്‍ മുറിയുടെ ജനലിനപ്പുറത്തു കശുമാവിന്‍ ചോട്ടില്‍ ഒളിക്കുന്ന സൂര്യനും അവനെ കരയിച്ചു.

പാതി എഴുതിയ വാക്കിന്‍മേല്‍ പേന നിശ്ചലമായപ്പോള്‍ തുറമുഖത്തെ ഓളമില്ലാത്ത ജലത്തില്‍ അനക്കമറ്റു നില്‍ക്കുന്ന ജലനൌകകളെ കാണാന്‍ പോയ സായാഹ്നം. ആദ്യം ആകാശത്തിനെ നിറങ്ങളാല്‍ ചുവപ്പിച്ചും പിന്നെ ശൂന്യതയുടെ ചാരനിറത്തില്‍ നഗ്നയാക്കിയും കടലിന്റെ ആഴത്തിലേക്ക് പോയ സൂര്യന്‍ നെഞ്ചില്‍ കണ്ണീരിന്റെ ഭാരം നിറച്ചു.

ഒരു ടെലിഫോണ്‍ സംഭാഷണം കൂടി തീരാന്‍ നേരമാവുമ്പോള്‍ അവള്‍ പറഞ്ഞ അവസാന വാക്കും കഴിഞ്ഞു. ഫോണ്‍ നിശ്ശബ്ദം. ഉള്ളില്‍ വീണ്ടും വേദനയുടെ യാത്രാമൊഴി കൊണ്ടു കരയിച്ചു മറ്റൊരു സൂര്യന്‍ കൂടി മറയുകയാണ്‌. സ്നേഹനിരാസങ്ങളുടെ സമയ ബിന്ദുക്കള്‍ ചേര്‍ന്ന്‌ ഒരു പകല്‍ കൂടി ഒഴുകുമ്പോള്‍ എഴുതിപ്പൂര്‍ത്തിയാക്കിയ താളില്‍ കാലം കറുത്ത മഷിയിലെഴുതുന്ന വിധിയുടെ കയ്യൊപ്പ്. Yes. The signature of destiny.

....................... രഞ്ജിത്ത് (കയ്യൊപ്പ്)

ഒരേ കടല്‍ *

കടലിനു കുറുകെ പായുന്ന കാറ്റിനെ കരയുടെ നിശ്വാസം വെറുതെ പിന്തുടരുന്നു. ഞാനും നീയുമെന്ന തീരങ്ങള്‍ക്കിടയില്‍ ആര്‍ത്തിരമ്പുന്ന ഒരു കടലുണ്ട്. എന്റെ ഞാനെന്ന ഭാവം.

വാഴ്വിന്റെ നിഴല്‍ മൂടിയ ഉള്ളറകളില്‍ വാക്കുകള്‍ക്കതീതമായി ഓര്‍മയുടെ ഏകാന്തമായ കൂടുകളുണ്ട്. പകലുകളില്‍ അലഞ്ഞു തിരിഞ്ഞ ആശകള്‍ നിശ്ശബ്ദമായി രാത്രികളില്‍ തിരികെ വന്ന് എന്റെ ഹൃദയത്തെ മുട്ടി വിളിക്കുന്നു. എനിക്കു കേള്‍ക്കാം.

കടന്നു പോയ കണ്ണീരിന്റെ രാത്രിക്ക് നേരെ നോക്കി എന്റെ ഹൃദയം വിട പറയുന്നു. എവിടെയോ അലയുന്ന പ്രകാശത്തെ തന്റെ നെഞ്ചിലേറ്റാനായി നിശ്ശബ്ദമായി കാത്തിരിക്കുന്നു ഈ ഇരുട്ട്.

................... ശ്യാമപ്രസാദ് (ഒരേ കടല്‍)

Sunday, January 20, 2008

ഒരു സ്വപ്നം പോലെ...

അവ്വിധം നമ്മളടുത്തെങ്കിലും സര്‍വ്വം
അവ്യക്തമാണൊരു സ്വപ്നം പോലെ
അശ്രുവാഘോഷമായ് മാറ്റുന്ന നിന്‍ മനം
അകലത്തു കേട്ടൊരു ഗാനം പോലെ.

എന്‍ മാറില്‍ മെല്ലെ തൊടുന്ന നിന്‍ പൂവിരല്‍
ഇന്നോളമെന്നെ തൊടാത്ത പോലെ
എല്ലാമമൃതാക്കും നിന്നോര്‍മയില്‍ നിന്നും
എന്‍ രുചി പാടേയകന്ന പോലെ.

മെല്ലെയെന്‍ ചാരത്തു ചായും നിന്‍ മേനിയെ
എന്‍ തല്പമോട്ടറിയാത്ത പോലെ
നമ്മളന്യോന്യം പകര്‍ന്ന സംഗീതിക
നമ്മുടെ വേദനയാകും പോലെ.

സ്വത്വത്തിലര്‍ത്ഥവും അര്‍ത്ഥത്തില്‍ സ്വത്വവും
കണ്ടു നാം തെല്ലു പകക്കും പോലെ
എന്നു തുടങ്ങിയിതെന്നോടുങ്ങീടുമീ -
തെന്നറിയാത്ത പ്രപഞ്ചം പോലെ.

...................... ശ്രീകുമാരന്‍ തമ്പി

മീര പാടുന്നു

തരിക തിരിച്ചെന്‍ സ്വപ്നം നിറഞ്ഞ കൌമാരം
കളിചിരികള്‍ താന്‍ കള കളം നുരഞ്ഞ ബാല്യം

ഇരിക്കട്ടെ കഥ പെയ്യും നിലാവില്‍ ഞാന്‍
മുത്തശ്ശി തന്‍ മടിക്കൂടില്‍ കുഞ്ഞുടുപ്പിട്ടൊരിക്കല്‍ കൂടി
തുറക്കുകീ ജാലകങ്ങള്‍ മരുക്കാറ്റിന്‍ ചിറകേറി പറക്കട്ടെ
ചെമ്പകത്തിന്‍ സുഗന്ധമെങ്ങും
വിളിക്കയായ് എന്നെ ഇന്നും മല കടലാക്കും നീലക്കുറിഞ്ഞികള്‍
നീല നീലക്കിളികള്‍ പൂക്കള്‍.

......................... സച്ചിദാനന്ദന്‍

Thursday, January 17, 2008

സഫലമീ യാത്ര *

കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ്‌ വരും
അപ്പോള്‍ ആരെന്നുമെന്തെന്നുമാര്‍ക്കറിയാം ?

എന്ത് നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ
ചന്തം നിറക്കുകീ ശിഷ്ട ദിനങ്ങളില്‍
വരിക സഖീ അരികത്തു ചേര്‍ന്നു നില്‍ക്കൂ
പഴയൊരു മന്ത്രം ജപിക്കാം അന്യോന്യം
ഊന്നു വടികളായ് നില്‍ക്കാം
ഹാ സഫലമീ യാത്ര... ഹാ സഫലമീ യാത്ര...

................................ എന്‍ എന്‍ കക്കാട്

ആര്‍ദ്രം കവി ഹൃദയം

ഇനിയുമുണ്ടൊരു ജന്മ‍മെനിക്കെങ്കില്‍
ഇതള്‍ വിരിയാത്തൊരു പുഷ്പമായ് തീരണം
വിജനഭൂവിങ്കലെങ്ങാന്‍ അതിന്‍ ജന്മം
വിഫലമാക്കീട്ടു വിസ്മൃതമാകണം!

....................... ഇടപ്പള്ളി


എല്ലാ വിളക്കും കെടുമ്പൊളാകാശമുണ്ടെല്ലാ
സതിരും നിലക്കില്‍ നിന്‍ നാദമുണ്ടേവരും
പിരികിലും നിന്റെ സന്നിധ്യമുണ്ടെങ്ങും
വരണ്ടാലുംമുണ്ടു നിന്നാര്‍ദ്രത

..................... മധുസൂദനന്‍ നായര്‍


ഒരു ഗീതമെന്റെ മനസ്സില്‍ വരുന്നുണ്ട്
നീ വരാതെങ്ങനെ മുഴുവനാകും ?
ഒരു നിറം ചുവരില്‍ വരഞ്ഞു നീ നിറയാതെ
പകരുന്നതെങ്ങനെ ചിത്രമായി ?

....................... ഡി വിനയചന്ദ്രന്‍

ജീവിതം നല്കാന്‍ മടിക്കുന്നതൊക്കെയും
ജീവിച്ചു ജീവിതത്തോടു ഞാന്‍ വാങ്ങിടും.
കപട ലോകത്തിലാത്മാര്‍ത്ഥമായൊരു
ഹൃദയമുണ്ടായതാണെന്‍ പരാജയം.

....................... ചങ്ങമ്പുഴ

അത്യുന്നതിക്കുമപ്പുറം നിറയുന്നൊരാ
സ്വത്വവിഹീനമാം ശൂന്യത കാണ്മു ഞാന്‍
നിത്യമല്ലൊന്നും സമസ്തവുമസ്ഥിരം
സത്യമിതു മാത്രമെന്നറിയുമ്പൊഴും...

................... കെ. ചന്ദ്രശേഖരന്‍ പിള്ള

ഓര്‍മകള്‍ മഞ്ഞു പാളികള്‍ മാറ്റി...

രാത്രിയില്‍ മുളം കാട്ടില്‍ നിന്നാരോ
മൂളും ഹിന്ദോള രാഗവും
സ്വപ്നത്തില്‍ മാത്രം കണ്ട ഗന്ധര്‍വന്‍
സത്യത്തില്‍ മുന്നില്‍ നില്‍പതും

ഏതോ ലജ്ജയാല്‍ നീ മുഖം
തുടുത്താകെ വാടിത്തളര്‍ന്നതും
ഓര്‍മകള്‍ മഞ്ഞു പാളികള്‍ മാറ്റി
ഇന്നും നിന്നെ വിളിക്കവേ...
സ്നേഹസാന്ദ്രമായ് പൂക്കുന്നൂ നീയീ
പാഴ്തൊടിയിലെ കൊന്നപോല്‍...

...........ഗിരീഷ് പുത്തഞ്ചേരി

അടരുവാന്‍ വയ്യ...*

നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോകുന്നു...

അടരുവാന്‍ വയ്യ...
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു
സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പോലിയുമോമ്പൊഴാണന്റെ സ്വര്‍ഗം
നിന്നിലലിയുന്നതേ നിത്യ സത്യം.

............. മധുസൂദനന്‍ നായര്‍

Monday, January 14, 2008

പോയ് വരൂ...

പോയ് വരൂ... പോയ് വരൂ...

മനസ്സുകളില്‍ മത്താപ്പൂ വിടര്‍ത്തുന്ന ലഹരിയില്‍ മയങ്ങും
മേനികളെ തഴുകും തെന്നലേ...
ഭൂമിഗീതമേ...
യാത്രപോയവരെയെങ്ങാന്‍ കണ്ടുവോ...
ഈ കാത്തിരിപ്പിന്റെ ഗദ്ഗദം അവരുള്‍ക്കൊണ്ടുവോ...
കണ്ടുവോ അവരെ കണ്ടുവോ...

അവരുടെ കണ്ണുകളില്‍ ഭാഗ്യ താരകം ഉദിച്ചിരുന്നുവോ...
അവരുടെ മൌനത്തില്‍ സാഗരം ഒളിച്ചിരുന്നുവോ...
പിരിയുന്നവര്‍ക്കെല്ലാം യാത്രാമൊഴി
പോയ് വരൂ... പോയ് വരൂ...

.......................................... പത്മരാജന്‍ (Padmarajan)

Sunday, January 13, 2008

ആനന്ദധാര

ചൂടാതെ പോയി നീ നിനക്കായ് ഞാന്‍ ചോര
ചാറിച്ചുവപ്പിചൊരെന്‍ പനിനീര്‍പൂവുകള്‍.
കാണാതെ പോയി നീ നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നില്‍കുറിച്ചിട്ട വാക്കുകള്‍.
ഒന്നു തൊടാതെ പോയി വിരല്‍ത്തുമ്പിനാല്‍
ഇന്നും നിനക്കായ്തുടിക്കുമെന്‍ തന്ത്രികള്‍.

അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ
അന്തമെഴാത്തതാമോര്‍മകള്‍ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരത്കാല
സന്ധ്യയാണിന്നുമെനിക്കു നീയോമനെ.

ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനേ
.
എന്നുമെന്‍ പാനപാത്രം നിറക്കട്ടെ
നിന്നസാന്നിദ്ധ്യം പകരുന്ന വേദന.

.................... ബാലചന്ദ്രന്‍ ചുള്ളിക്കാട്.

താളുകള്‍ മറിയുമ്പോള്‍...*

ഇവിടെ ഞാനും നീയുമില്ല... (നമ്മള്‍ നമ്മളെപ്പോലും മറന്നിരിക്കുന്നു), ഉള്ളതു നമ്മുടെ സ്വപ്‌നങ്ങള്‍ മാത്രം...

സൂര്യന്‍ പതുക്കെ മേഘങ്ങളില്‍ അലിഞ്ഞു ചേരുകയായി. പ്രകൃതിയുടെ ലയനം.

അകലെ ആകാശത്ത് വര്‍ണക്കാഴ്ചകള്‍ തെളിയുകയായി. എങ്കിലും എനിക്കേറെ ഇഷ്ടം നിന്റെ കണ്ണിലെ ഈ നിറങ്ങള്‍ കാണാനാണ്‌. നിന്റെ മനസ്സിന്റെ സന്തോഷം പ്രതിഫലിക്കുന്ന നിറങ്ങള്‍!

നിലാവും നക്ഷത്രങ്ങളും ആര്‍ത്തിരമ്പുന്ന ഈ തിരമാലകളും എന്നെ ആര്‍ദ്രമാക്കുന്നു... കണ്ണീരണിയിക്കുന്നു... പക്ഷെ എന്തിന്?

ഇപ്പോള്‍ കുറച്ചു ദൂരെ എനിക്ക് തിരമാലകളുടെ ശബ്ദം കേള്‍ക്കാം. നിന്റെ നിശ്വാസം എന്റെ നെഞ്ചിലേക്ക് ചൂടുള്ള ഒരു ഉറവയായ് ഒഴുകുന്നതും ഞാന്‍ അറിയുന്നു.

വേദന കലര്‍ന്ന ഒരു പുഞ്ചിരിയോടു കൂടി പിരിയാനുള്ള സമയമായിരിക്കുന്നു...

ഇനി വരാനിരിക്കുന്ന പുലരികളെയും സ്വപ്നം കണ്ടു ഞാന്‍ മടങ്ങുകയാണ്. കാരണം അസ്തമയങ്ങളെ... എനിക്ക് നിങ്ങളോട് അത്രയ്ക്ക് പ്രണയമാണ്‌...

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

പ്രണയം - മനുഷ്യന്റെ എല്ലാ വികാരങ്ങളും ഉള്‍ക്കൊള്ളുന്നു. ഇതില്‍ വേദനയുണ്ട്, സഹനമുണ്ട്, സന്തോഷമുണ്ട്, ആര്‍ദ്രതയുണ്ട്, നിര്‍വൃതിയുണ്ട്, ലയനമുണ്ട്.

എത്ര എഴുതിയാലും പറഞ്ഞാലും പാടിയാലും മതി വരാത്ത, എന്നും പുതുമ നിലനില്ക്കുന്ന അനുഭൂതിയാണ്‌ പ്രണയം. അതിന് കാരണം പ്രണയം ഓരോ വ്യക്തിക്കും നല്കുന്ന വ്യത്യസ്തങ്ങളായ അനുഭവങ്ങളാവാം.

ഈ പുസ്തകത്തിലെ താളുകള്‍ക്ക് അവസാനമില്ല. ഒരുപാടു മനസ്സുകളുടെ അനുഭവങ്ങള്‍ നിങ്ങളോട് പങ്കുവെക്കാനായി ഇതില്‍ പുതിയ താളുകള്‍ തുന്നിച്ചേര്‍ത്തുകൊണ്ടേയിരിക്കും...

............................................................ ഹരി

email : pranayapusthakam@gmail.com

Monday, January 7, 2008

സമര്‍പ്പണം

പ്രണയത്തെ പ്രണയിക്കുന്നവര്‍ക്ക്...
ജീവിതത്തെ പ്രണയിക്കുന്നവര്‍ക്ക്...
പ്രകൃതിയെ പ്രണയിക്കുന്നവര്‍ക്ക്...
അക്ഷരങ്ങളെ പ്രണയിക്കുന്നവര്‍ക്ക്...
മഴയെ പ്രണയിക്കുന്നവര്‍ക്ക്...
സംഗീതത്തെ പ്രണയിക്കുന്നവര്‍ക്ക്...
ആര്‍ദ്രതയെ പ്രണയിക്കുന്നവര്‍ക്ക്...
ഓര്‍മകളെ പ്രണയിക്കുന്നവര്‍ക്ക്...
പാതി വഴിയില്‍ എനിക്ക് നഷ്ടമായ സുഹൃത്തിന്‌...
പിന്നെ ഈ ജീവിത യാത്രയില്‍ എനിക്കൊരു ചുവന്ന പൂ സമ്മാനിച്ചവള്‍ക്ക്...