Thursday, February 28, 2008

ഒരു സായാഹ്നത്തിന്റെ സ്വപ്നങ്ങള്‍

"കാലം തെറ്റി പെയ്ത ഒരു മഴ, നോക്കിനിന്നപ്പോള്‍ കാര്‍മേഘത്തില്‍ നിന്ന് തലനീട്ടിയ നിലാവ്.
എന്തോ ഓര്‍ത്ത് നില്‍ക്കുമ്പോള്‍ ചുറ്റിചുറ്റി പറക്കുന്ന ആ കുഞ്ഞ് പൂമ്പാറ്റ.
വാക്കുകളില്ലാത്ത മൊഴികളെത്ര അല്ലേ?"


"ശരത്കാല രാത്രി കുളിരിനെ എന്ന പോലെ അവന്‍ അവളെ സ്നേഹിച്ചിരുന്നു, അമ്മ പാടുന്ന താരാട്ട് പോലെ അവള്‍ അവനെയും. എങ്കിലും കടല്‍ കാണാനാവാത്ത ശംഖിന്റെ നിയോഗം അവരറിഞ്ഞു."


"മറവിയുടെ പായലില്‍ വഴുതി ഞാന്‍ എന്നെത്തന്നെ മറന്ന് പോവാതിരിക്കാന്‍, ഓര്‍മ്മയിലെങ്കിലും മഴയുടെ ഈര്‍പ്പവും കുയിലിന്റെ കൂവലും ഓര്‍ത്തിരിക്കാന്‍ ഒന്ന് തിരിച്ചു വരണമെന്ന് മോഹം..
ഒരേ മനസ്സുള്ളവരുടെ ഒരു കൂട്ടത്തിലേയ്ക്ക്..."

......................................................... പാര്‍വതി
Read more here: http://sayahnam.blogspot.com

Saturday, February 23, 2008

പിതൃസ്മരണ *

സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങുന്നു. അന്തിവേയിലേറ്റു വെള്ളം തിളങ്ങി, നദി കനകധാരയായി. ഞാന്‍ കോടിത്തോര്‍ത്തൂടുത്ത് വായ്കെട്ടഴിച്ച അസ്ഥികലശവുമായി വെള്ളത്തിലിറങ്ങി. ഒഴുക്കിന് ഇളം ചൂട്.

തലക്ക് മുകളിലൂടെ അസ്ഥികലശം പിന്നോട്ടെറിഞ്ഞു ഉള്ളില്‍ "എന്റെ അച്ഛാ" എന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ നദിയില്‍ ആണ്ടുമുങ്ങി.
എന്റെ തലയ്ക്കു മുകളിലൂടെ ജലപ്രവാഹം.
കാലപ്രവാഹം.
ജലമായി,
കാലമായി,
ജനനമായി,
മരണമായി,
ദുഃഖമായി,
ആനന്ദമായി,
പശ്ചാത്താപമായി,
കണ്ണുനീരായി,
സ്നേഹമായി,
കാരുണ്യമായി,
ചൈതന്യമായി,
സകലം നിറഞ്ഞ പ്രപഞ്ചമായി,
ഈശ്വരന്‍ പ്രവഹിക്കുകയാണ്!
ആ മഹാപ്രവാഹത്തില്‍ ഞാന്‍ മൂന്നുരു മുങ്ങിനീര്‍ന്നു.
ഒരു ജന്മം കൂടി കഴിഞ്ഞു.

..........................ബാലചന്ദ്രന്‍ ചുള്ളിക്കാട് (ചിദംബര സ്മരണ)

Friday, February 22, 2008

നന്ദി

നന്ദി, നീ നല്‍കാന്‍ മടിച്ച പൂച്ചെണ്ടുകള്‍ക്ക്
എന്റെ വിളക്കിലെരിയാത്ത ജ്വാലകള്‍ക്ക്
എന്‍ മണ്ണില്‍ വീണൊഴുകാത്ത മുകിലുകള്‍ക്ക്
എന്നെത്തഴുകാതെ, എന്നില്‍ തളിര്‍ക്കാതെ
എങ്ങോ മറഞ്ഞോരുഷ:സന്ധ്യകള്‍ക്ക്
എന്റെ കണ്ണിലുടഞ്ഞ കിനാവിന്‍ കുമിളകള്‍ക്കെല്ലാം
എനിക്കു നീ നല്‍കാന്‍ മടിച്ചവക്കെല്ലാം
പ്രിയപ്പെട്ട ജീവിതമേ നന്ദി.... നന്ദി...

....................................... ഒ.എന്‍.വി.

എന്റെ വഴിയിലെ വെയിലിനും നന്ദി
എന്റെ ചുമലിലെ ചുമടിനും നന്ദി
എന്റെ വഴിയിലെ തണലിനും
മരക്കൊമ്പിലെ കൊച്ചു കുയിലിനും നന്ദി...

ദൂരെയാരോ കൊളുത്തി നീട്ടുമാ
ദീപവും നോക്കി ഏറെ ഏകയായ്‌
കാത്തു വെക്കുവാന്‍ ഒന്നുമില്ലാതെ
തീര്‍ത്തു ചൊല്ലുവാന്‍ അറിവുമില്ലാതെ
പൂക്കളിലാതെ പുലരിയില്ലാതെ ആര്‍ദ്രമേതോ വിളിക്കു പിന്നിലായ്
പാട്ടു മൂളി ഞാന്‍ പോകവേ നിങ്ങള്‍ കേട്ടു നിന്നുവോ
തോഴരേ നന്ദി... നന്ദി...


....................................... സുഗതകുമാരി

നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ...
മാഞ്ഞു പോകുന്നൂ ശിരോലിഖിതങ്ങളും
മായുന്നു മാറാല കെട്ടിയ ചിന്തയും
പകിട പന്ത്രണ്ടും കളിച്ച സ്വപ്നങ്ങളേ
പലകുറി നിങ്ങള്‍ക്കു സ്വ്വസ്തിയെകട്ടെ ഞാന്‍...

....................................... കോന്നിയൂര്‍ ഭാസ്

എന്റെ വഴികളില്‍ മൂകസാന്ത്വനമായ പൂവുകളെ
എന്റെ മിഴികളില്‍ വീണുടഞ്ഞ കിനാക്കളേ നന്ദി
ഹൃദയമെരിയെ അലരിമലരായ് പൂത്തിറങ്ങിയ വേനലെ
തളരുമീയുടല്‍ താങ്ങി നിര്‍ത്തിയ പരമമാം കാരുണ്യമേ നന്ദി.. നന്ദി..
യാത്ര തുടരുന്നൂ ശുഭയാത്ര നേര്‍ന്നു വരൂ...

....................................... O.N.V

Wednesday, February 20, 2008

നിറങ്ങള്‍ തന്‍ നൃത്തം...

നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍
മറഞ്ഞ സന്ധ്യകള്‍ പുനര്‍ജനിക്കുമോ
മറഞ്ഞ പക്ഷികള്‍ ഇനിയുമെത്തുമോ
വിരഹ നൊമ്പരത്തിരിയില്‍ പൂവുപോല്‍
വിടര്‍ന്നൊരു നാളം എരിഞ്ഞു നില്ക്കുന്നു

ഋതുക്കളോരോന്നും കടന്നു പോവതിന്‍
പദസ്വനം കാതില്‍ പതിഞ്ഞു കേള്‍ക്കവേ
വെറുമൊരോര്‍മ്മ തന്‍ കിളുന്നു തൂവലും
തഴുകി നിന്നെ കാത്തിരിക്കയാണു ഞാന്‍

നിമിഷ പാത്രങ്ങള്‍ ഉടഞ്ഞു വീഴുന്നു
നിറമധു മണ്ണില്‍ ഉതിര്‍ന്നു മായുന്നു
അലിഞ്ഞലിഞ്ഞു പോം അരിയ ജന്മമാം
പവിഴ ദ്വീപില്‍ ഞാനിരിപ്പതെന്തിനോ?

------------------------------ ഒ.എന്‍.വി.

Monday, February 18, 2008

പോകണമേറെ ദൂരം...

He gives his harness bells a shake
To ask if there is some mistake.
The only other sound's the sweep
Of easy wind and downy flake.

The woods are lovely, dark and deep.
But I have promises to keep,
And miles to go before I sleep,
And miles to go before I sleep.

-------------------- Robert Frost (Stopping by woods on a snowy evening)

തെറ്റു പറ്റിയോ കോപ്പില്‍ കോര്‍ത്തിട്ട മണികളെ
തെല്ലിളക്കികൊണ്ടശ്വമെന്നോടു ചോദിപ്പൂ
വേറെയില്ലോരോച്ചയും മന്ദവായുവിന്‍ തേങ്ങല്‍
പോല്‍ വീഴും മഞ്ഞിന്‍ നേര്‍ത്ത നാദവുമെന്യേ

മോഹനം വനം സാന്ദ്രഗഹനം നീലശ്യാമം
ഞാന്‍ പക്ഷെ പാലിക്കണമൊട്ടേറെ പ്രതിജ്ഞകള്‍
പോകണമേറെ ദൂരം വീണുറങ്ങിടും മുന്നേ...
പോകണമേറെ ദൂരം വീണുറങ്ങിടും മുന്നേ...


---------------------------- എന്‍. വി. കൃഷ്ണ വാര്യര്‍.

Friday, February 15, 2008

തിരികെത്തരുമോ, പ്രണയിച്ചു മതിയാകാത്തവരെ...

ദൈവമേ, പ്രണയിച്ചു പ്രണയിച്ചു ഞങ്ങള്‍ക്കു മതിയാകാത്ത ഗന്ധര്‍വന്മാരെ കുറച്ചു കാലത്തേക്ക് കൂടി ഈ ഭൂമിയിലേക്ക് വിടുക. അവരുടെ ജീവിതം ഞങ്ങളില്‍ കാറ്റായും മഴയായും ചിത്രശലഭമായും പറവയായും മാനായും മുത്തമായും നിറയട്ടെ...

................മോഹന്‍ലാല്‍ (പ്രിയപ്പെട്ടവരുടെ വേര്‍പാടുകളെക്കുറിച്ച്)
(വ്യാഴക്കാഴ്ച - മലയാള മനോരമ. Feb 14, 2008)

Thursday, February 14, 2008

ഒരു പ്രണയ സമ്മാനം...*(Click on the image to enlarge)


"നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം. അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളില്‍പ്പോയി മുന്തിരിവള്ളികള്‍ തളിര്‍ത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെ വെച്ച് നിനക്കു ഞാനെന്റെ പ്രേമം തരും."

Wednesday, February 13, 2008

എന്റെ സ്വന്തം കന്യകാവേ...

എന്റെ സ്വന്തം കന്യകാവേ
നിന്റെ കണം കൈയില്‍ കക്കാതെ
കളവു ചെയ്യാതെ ആര്‍ക്കും
കൈമണികൊട്ടാതെ കനകവളയിടുവിച്ചൂ...

കൈതക്കാട്ടുപോന്തകളെ തിട്ടയിലലങ്കാരമാക്കിക്കടലോളം
കൈനീട്ടും കുഞ്ഞിത്തോട്ടില്‍ കുഴുപ്പള്ളിക്കടവുകയത്തില്‍
പഴംമാങ്ങാക്ക് മുങ്ങിയ കാലമോര്‍ത്താല്‍
പൊന്നു കന്യകാവേ നിന്നെയുമോര്‍ക്കാണ്ടൊക്കുമോ?

ഇന്നാളാക്കടവത്തിന്നലെകളുരുട്ടിയ
മധുരമീമ്പിക്കൊണ്ടങ്ങനെ നിന്നപ്പോള്‍
കടവത്തേക്കയമെത്ര ചെറുതെന്നും
ഞാനിത്ര വളരേണ്ടായിരുന്നെന്നുമോര്‍ത്തേന്‍...


.......................... കാവാലം നാരായണപ്പണിക്കര്‍

ഏറ്റവും ദുഃഖഭരിതമായ വരികള്‍

ഇനിയൊരിക്കലും സ്നേഹിക്കയില്ല
ഞാനവളെ എങ്കിലും സ്നേഹിച്ചുപോയിടാം.
പ്രണയമത്രമേല്‍ ഹ്രസ്വമാം, വിസ്മൃതി -
യതിലുമെത്രയോ ദീര്‍ഘം!

ഇതുപോലെ പല നിശകളിലെന്റെയിക്കൈകളി-
ലവളെ വാരിയെടുക്കയാലാകണം
ഹൃദയമിത്രമേലാകുലമാകുന്നതവളെ-
യെന്നേക്കുമായിപ്പിരിഞ്ഞതില്‍.

അവള്‍ സഹിപ്പിച്ച ദുഃഖശതങ്ങളില്‍
ഒടുവിലത്തെസ്സഹനമിതെങ്കിലും
ഇതുവരേയ്ക്കവള്‍ക്കായ് കുറിച്ചതില്‍
ഒടുവിലത്തെ കവിതയിതെങ്കിലും...


----------------------- Pablo Neruda (Tonight I can write the saddest lines)
വിവര്‍ത്തനം : ബാലചന്ദ്രന്‍ ചുള്ളിക്കാട്

Monday, February 11, 2008

സ്പന്ദനങ്ങള്‍

എങ്ങനെ ചൊല്ലി പഠിക്കും ഞാന്‍ സഖീ
ഇനി നീ എന്റെയല്ലെന്ന്
എങ്ങനെ ചൊല്ലും ഈ പോയ ദിനങ്ങള്‍
ഇനി തിരികെ വരില്ലെന്ന്
എങ്ങനെ ചൊല്ലും ഞാന്‍ കണ്ട കിനാവെല്ലാം
വെറും നിറക്കൂട്ടുകളെന്ന്...

ഈ മൌനമുണര്‍ത്തുന്നു മനസ്സില്‍
വീണ്ടും ഒരു താളവട്ടം സ്മൃതികള്‍
നിന്നോര്‍മ വിതറുന്നു മനസ്സില്‍ വീണ്ടും
ഒരു കോടി വര്‍ണ വിഭ്രമങ്ങള്‍
നിന്നില്‍ നിന്നകലാന്‍ ഞാന്‍ തേടുന്ന വഴികള്‍
വീണ്ടും നിന്നിലെത്തുന്നു...


ഈ മഴ തോരാത്ത വഴിയില്‍
വെറുതെ നിന്നെ കാക്കുന്ന ഞാനും
എന്‍ സ്വപ്നമെരിയുന്ന ചിതയില്‍ എല്ലാം
മറക്കാന്‍ ശ്രമിക്കുന്ന ഞാനും
എത്ര പഠിച്ചിട്ടും മനസ്സു മന്ത്രിക്കുന്നു
നീ തിരികെ വരുമെന്ന്...

.......... അജയന്‍ വേണുഗോപാല്‍ (സ്പന്ദനങ്ങള്‍)

Sunday, February 10, 2008

വാടക വീട്

നമ്മുടേതല്ലീ വീടും കുളവും കാവും കുളിര്‍
ചാമരം വീശും കാറ്റും സാന്ധ്യശോണിമകളും.
നമ്മുടേതല്ലീ നടുമുറ്റവും മഴയ്ക്കൊപ്പം
കിന്നരം മീട്ടുമീ നാലിറയങ്ങളും.

നമ്മുടേതല്ലീ വീട്ടിന്‍ കോടിയില്‍ നാം തൂക്കിയ
നല്ലോലക്കിളിക്കൂടും നെന്മണിക്കതിര്‍കളും.
(കൂട്ടില്‍ വന്നിരിക്കുന്ന കിളിയെക്കാണാതെ നീ
വീര്‍പ്പിട്ട സായാഹ്നങ്ങളെത്ര പോയിതുവഴി).

നമ്മുടേതല്ലീ വീടും വീടിന്റെ സംഗീതവും
നമ്മള്‍ പോവുന്നൂ കാലദേശങ്ങളറിയാതെ
യാത്രയനന്തമാം യാത്രയാണിടക്കല്പ-
മാത്രമായോന്നിളവേല്ക്കാന്‍ വീടു തേടുന്നോര്‍ നമ്മള്‍.

------------------ കിടങ്ങറ ശ്രീവല്‍സന്‍ (ആലയസംഗമം)
(അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളില്‍ നിന്നും ഒരേട്)

ചിദംബര സ്മരണ *

"മാപ്പു ചോദിപ്പൂ വിഷം കുടിച്ചിന്നലെ
രാത്രിയില്‍ ഞാന്‍ നിന്നരികിലിരുന്നുവോ?"

ചോര എരിയുന്ന തോണ്ടയോടെ ആ കവിത മുഴുവന്‍ ഞാന്‍ ചൊല്ലിത്തീര്‍ത്തു. വിധി കാത്തുനില്‍ക്കുന്ന കൊലപതാകിയെപ്പോലെ, നെഞ്ചില്‍ കൈയമര്‍ത്തി ഞാന്‍ ചെവിയോര്‍ത്തു കിടന്നു. ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം അവളുടെ കരുണാര്‍ദ്രമായ ശബ്ദം: "മാപ്പു തരാന്‍ ഞാന്‍ ആരാണ് ബാലാ?" എനിക്ക് വാക്കുകള്‍ ഇല്ലായിരുന്നു. അപ്പുറത്ത് നിന്നു ഒരു തേങ്ങല്‍ കേട്ടുവോ? ഞാന്‍ റിസീവര്‍ താഴെ വെച്ചു.

പിന്നീടൊരിക്കല്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തിരുന്ന് അവള്‍ക്കു വേണ്ടി ആ കവിത ഞാന്‍ വീണ്ടും ചൊല്ലി. അലയോടുങ്ങാത്ത കടല്‍ നോക്കി അവള്‍ നിശ്ശബ്ദയായി ഇരുന്നു. ആ കണ്ണുകളുടെ കരിനീലസമുദ്രത്തില്‍ എന്റെ സന്ധ്യ മുങ്ങി മരിച്ചു.

ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങള്‍ക്കായി എപ്പോഴും കാത്തു വെക്കുന്നു.

..........................ബാലചന്ദ്രന്‍ ചുള്ളിക്കാട് (ചിദംബര സ്മരണ)

Wednesday, February 6, 2008

മനസ്സു മനസ്സിനോട്‌ പറഞ്ഞതു...

പ്രണയം - ജീവിതപ്രയാണത്തില്‍ ഒരു നിമിഷം നിന്നു തിരിഞ്ഞു നോക്കിയപ്പോള്‍ ചില ചിത്രങ്ങള്‍ കണ്ടു. നിറം മങ്ങാത്തവ, പ്രണയമൂറുന്നവ. അവയുടെ തണുപ്പു മനസ്സിനെ നനച്ചു കൊണ്ടിരിക്കുന്നു. വേനലുകള്‍ക്കപ്പുറത്തേക്ക് നടക്കാന്‍ ശക്തി തരുന്നു. എന്റെ പ്രണയം വ്യക്തികളിലേക്കു മാത്രം ഒതുങ്ങുന്ന ഒന്നല്ല. വ്യക്തികളും സ്ഥലങ്ങളും സൌഹൃദങ്ങളും അപൂര്‍വമായ നിമിഷങ്ങളും ശീലങ്ങളും എല്ലാം എന്റെ പ്രണയത്തിന്റെ പ്രഭാവലയത്തിനുള്ളില്‍ വരും. അവയെല്ലാം ചേര്‍ന്നാണ്‌ എന്റെ ജീവിതത്തെ എന്നും വസന്തമായി നിലനിര്‍ത്തുന്നത്‌.

അമ്മ - തണലും തണുപ്പുമേകുന്ന ആല്‍മരം പോലെയാണ് അമ്മ. ഓരോ തവണയും തളരുമ്പോള്‍ ഞാന്‍ ആ മാറിലേക്ക് മനസ്സുകൊണ്ട്‌ മുഖം ചേര്‍ത്തുവെക്കുന്നു. അവിടെ സ്നേഹത്തിന്റെ പാലാഴി ഇരമ്പുന്നത് കേള്‍ക്കുന്നു.

മരണം - പതിഞ്ഞ കാലോച്ചയുമായി അത് എവിടെയോ പതിയിരിക്കുന്നുണ്ട്, എനിക്കറിയാം. അതിന് എപ്പോള്‍ വേണമെങ്കിലും കടന്നു വരാന്‍ ഞാന്‍ എന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു. തയ്യാറായിരിക്കുന്നു.

............................................................ മോഹന്‍ലാല്‍
(ഋതുമര്‍മ്മരങ്ങള്‍ - Published by DC Books on Feb 2008)

Saturday, February 2, 2008

Life is a dream... *

Life is a dream and we are all angels’
You told me once then left me alone
Dreams are dead
Hopes are gone
I am on a dry land
With no soul beside me

It is raining…
I am alone in the rain
Very much alone…
I hope I could see you again
Hidden beneath the clouds
And mist of this meaningless world

A storm is blowing
The candles are blown out
The lights are gone
All that remains is my lost dreams
Drenched by the wretched souls
No more an angel…

You belong to me and
I belong to you
Let the world die without us
The heaven is waiting
Angels sing,
‘The heaven is waiting...’

..................... Nanditha

For more poems of Nanditha visit the blog :
http://nandithayudekavithakal.blogspot.com


Friday, February 1, 2008

മൌനം

"എന്തെങ്കിലും പറയെടോ..."

"എന്ത് പറയാന്‍? അല്ലെങ്കില്‍ത്തന്നെ എപ്പോഴും എന്തെങ്കിലും പറയണംന്ന്ണ്ടോ?"
അവന്‍ പറഞ്ഞതു ശരിയാണെന്നു തോന്നി. ഈ മൌനത്തിനുമുണ്ട് ഒരു സുഖം. ഞാനറിയുന്നു. പ്രണയത്തിന്റെ ഭാഷ ഒരു പക്ഷെ മൌനമായിരിക്കാം.

ഈ മലമുകളിലെ മാവിന്റെ തണലില്‍, ഇവന്റെ ചുമലില്‍ ഇങ്ങനെ ചാരി ഇരിക്കുമ്പോള്‍ ഞാന്‍ വേറെ ഏതോ ഒരു ലോകത്തിലാണെന്നു തോന്നിപ്പോകുന്നു. താഴെ നൂലു പോലെ ഞങ്ങള്‍ പിന്നിട്ട വഴികള്‍ കാണാം.

"ഇവിടെ ഇങ്ങനെ പലരും ഇരിന്നുട്ടുണ്ടാകും. ഇല്ലേ?" അവള്‍ ചോദിച്ചു.
ഒരു പുഞ്ചിരി മാത്രം മറുപടിയായി.

കോടമഞ്ഞ്‌ വീണു തുടങ്ങിയിരിക്കുന്നു. താഴ്വാരത്തു നിന്നും മഞ്ഞുപാളികള്‍ പതുക്കെ പൊങ്ങി വരുന്നതും നോക്കി അവള്‍ ഇരുന്നു.

ഒരു നേര്‍ത്ത തണുത്ത കാറ്റ് അവരെ തഴുകി കടന്നു പോയി. അവള്‍ അവന്റെ അരികിലേക്ക് ചേര്‍ന്നിരുന്നു.
"ഈ മഞ്ഞു പാളികള്‍ നമ്മളെ വന്നു മൂടിയിരുന്നെങ്കില്‍ ?"
"മൂടിയിരുന്നെങ്കില്‍ ?"
"നമുക്കതില്‍ അലിഞ്ഞ് ഇല്ലതകാമായിരുന്നു..."

പക്ഷെ അവളുടെ പ്രണയത്തിന്റെ ചൂടില്‍ ആ മഞ്ഞുപാളികള്‍ ഉരുകിപ്പോയി.