Wednesday, May 28, 2008

മേഘങ്ങളേ കീഴടങ്ങുവിന്‍

ഈ മണ്ണിടംപാടു ചുറ്റുന്നുവോ
മര്‍ദ്ദമാപിനിയില്‍ അക്കങ്ങള്‍ ഖേദിച്ചുവോ
നമ്മളെങ്ങോ തെറിച്ചു രണ്ടാകുന്ന പോലെ
ഹാ! ആ വേര്‍പാട് നോവല്ല, വേരറ്റൊടുങ്ങലാം.

ആരോ തുഴഞ്ഞടുക്കും പോലെ
സ്വരമേറ്റിയാരോ വിളിക്കുന്ന പോലെ
ബോധത്തെ ഒരു കാന്തം വലിക്കുന്ന പോലെ
നിന്‍ കരള്‍ എന്നെ വരിയുന്നുവല്ലോ
തലോടുന്നുവല്ലോ.

കൂട്ടുകാരി, നമ്മള്‍ കോര്‍ത്ത കയ്യഴിയാതെ
ചേര്‍ന്ന ഹൃദ്താള ഗതിയൂര്‍ന്നു പോകാതെ
മിഴിവഴുതി വീഴാതിരുള്‍ക്കയം ചൂഴാതെ
പാര്‍ത്തിരിക്കേണം ഇനി നാം തനിച്ചല്ലൊ!!

...................... മധുസൂദനന്‍ നായര്‍

Friday, May 23, 2008

ആര്‍ദ്രം

നിന്റെ കണ്ണീരില്‍ കുതിര്‍ന്നൊരീ തൂവാല
ഇന്നീ പനിനീര്‍ച്ചെടിച്ചില്ലയില്‍ വീണുപോയ്‌
പിന്നെയിതളിതളായ്‌ വിടര്‍ന്നൊരു
ചെമ്പനീര്‍മൊട്ടിനെ തൊട്ടു തലോടവെ
എന്തിനേ നീയതു ചെന്നെടുത്തു വീണ്ടും
എന്തിനതിന്റെ നനവിലലിഞ്ഞൊരു
ഹൃദ്യനറുമണം നിന്‍ ദീര്‍ഘ ചുംബനം ഒപ്പിയെടുക്കവെ
നനഞ്ഞു നിന്‍ കണ്‍കളും.

................................ ഒ.എന്‍.വി.

Tuesday, May 20, 2008

നിന്റെ കൂടെ

ഈ തോണി
എങ്ങോട്ടു‍ പോയാലും
നീ ചിരിക്കാത്ത വന്‍കരകളിലൊക്കെ
എന്റെ
ഏകാന്തത പൂത്തിരിക്കും

....................... ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

Saturday, May 17, 2008

വീഞ്ഞ്‌

നിങ്ങള്‍ ഇവിടെ വന്നെത്തിയിരുന്നെങ്കില്‍,
നിങ്ങളുടെ ജീവിതത്തിന്റെ ഒരു ചീന്ത്‌ എനിക്കു കീറിയെടുക്കാമായിരുന്നു,
നിങ്ങള്‍ പോകുമ്പോള്‍ എന്റേതായ എന്തെങ്കിലും നിങ്ങള്‍ക്കും.

................................. നെരൂദ

Thursday, May 15, 2008

ഗസലുകള്‍ പൂക്കുന്ന രാത്രി

ഞാനറിയാതെന്‍
കരള്‍ കവര്‍ന്നോടിയ
പ്രാണനും പ്രാണനാം
പെണ്‍കിടാവേ!- എന്റെ
പ്രാണനും പ്രാണനാം
പെണ്‍കിടാവേ!-
നിന്നെത്തിരയുമെന്‍
ദൂതനാം കാറ്റിനോ-
ടെന്തേ നിന്‍ ഗന്ധമെ-
ന്നോതിടേണ്ടൂ?

................. ഒ.എന്‍.വി.

Wednesday, May 14, 2008

ഒറ്റമണല്‍തരി

അസാന്നിധ്യം കൊണ്ടു സാന്നിധ്യം അറിയിക്കുന്ന നീ ആര്?
എന്റെ അവസാനത്തെ രഹസ്യം വരെ ഞാന്‍ നിന്നോട് പറഞ്ഞിട്ടുണ്ട്.
ജലപ്രവാഹത്തിലൂടെ പൊസേഡോണ്‍ എന്നെ കാണാനെത്തുന്നതു വരെ.
മൌനമാണ് എപ്പോഴും നിന്റെ മറുപടി.
ഒരു വാക്ക്... വെറും ഒരു വാക്ക്... ഒറ്റവാക്ക്‌...
അതാണ് ഞാന്‍ എപ്പോഴും ചോദിക്കുന്നത്‌,
നീ തരാത്തതും...

........................... വിജയലക്ഷ്മി

Monday, May 12, 2008

നീ നിത്യവും നൃത്തം ചെയ്യുന്നു

ഒരു പൂങ്കുല പോലെ എന്നും ഞാന്‍
കൈകളിലിറുക്കിപ്പിടിക്കുന്ന വെളുത്ത മുഖം
മാത്രമല്ല നീ, നീ മറ്റാരെപ്പോലെയുമല്ല,
കാരണം, ഞാന്‍ നിന്നെ പ്രേമിക്കുന്നു.
ഈ ജമന്തിപൂമാലകള്‍ക്കിടയില്‍
നിന്നെയും ഞാന്‍ നിവര്‍ത്തിയിടട്ടെ...

ഗിരിനിരകളില്‍നിന്നു ഞാന്‍ നിനക്കു വേണ്ടി
സൌഖ്യം തുളുമ്പുന്ന പൂക്കള്‍ കൊണ്ടുവരും,
നീലശംഖുപുഷ്പങ്ങള്‍,
തവിട്ടു നിറമാര്‍ന്ന ഹെയ്സല്‍ പുഷ്പങ്ങള്‍,
ചൂരല്‍ക്കൊട്ടകള്‍ നിറയെ ഉമ്മകള്‍.
വസന്തം ചെറിമരങ്ങളോട്‌ ചെയ്യുന്നതു പോലെ
നിന്നിലേക്ക്‌ പ്രണയമായി ഞാന്‍ നിറയട്ടെ...

...................... നെരൂദ

Saturday, May 10, 2008

സ്നേഹിക്കുമ്പോള്‍

ഉരുകി, രാത്രിയോട്‌ രാഗങ്ങള്‍ പാടുന്ന
പാഞ്ഞൊഴുകുന്ന ഒരരുവിയാകുക.
അത്യധികമായ ഹൃദയ മൃദുലതയുടെ
വേദനയറിയുക.
സ്നേഹത്തെക്കുറിച്ചുള്ള നിങ്ങളുടെ
സ്വന്തം ധാരണയാല്‍ മുറിവേല്ക്കുക.
അങ്ങനെ പൂര്‍ണ്ണ മനസ്സോടും
ഹര്‍ഷവായ്പ്പോടും ചോരയൊഴുക്കുക.

..................... ഖലില്‍ ജിബ്രാന്‍

Friday, May 9, 2008

വേരുകള്‍

ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ടു
കെട്ടിപ്പിടിക്കുന്നു
ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച്
നാം അകറ്റി നട്ട മരങ്ങള്‍

................................... വീരാന്‍കുട്ടി

Wednesday, May 7, 2008

എല്ലാം നിനക്കായ്

ഏറെത്തുടുത്തൊരീ
ചെമ്പനീര്‍പ്പൂവെന്റെ
സ്നേഹോപാഹാരം! ഇതെന്‍ ഹൃദയം...
വാര്‍മുടിക്കെട്ടിലല്ലോമനെ!
നീയിന്നിതാര്‍ദ്രമാമാത്മാവിലേറ്റു വാങ്ങൂ...

........................ ഒ.എന്‍.വി.

Tuesday, May 6, 2008

പിന്നെ നീ മഴയാകുക

നാമിനി കടലിലൊഴുകുന്ന
രണ്ടു നക്ഷത്രങ്ങള്‍.
കിഴക്ക് തുടിക്കുന്ന പുലര്‍കാല നക്ഷത്രം നീ
പടിഞ്ഞാറന്‍ ചുവപ്പില്‍ തിളയ്ക്കുന്ന താരകം ഞാനും
നമുക്കിടയില്‍ ആയിരം ജന്മങ്ങള്‍.
മാനം, ഭൂമി,
പിന്നെ നമ്മെ ബന്ധിപ്പിക്കുന്ന സൂര്യനും.
പിന്നെ നീ മഴയാകുക
ഞാന്‍ കാറ്റാകാം.
നീ മാനവും ഞാന്‍ ഭൂമിയുമാകാം.
എന്റെ കാറ്റു നിന്നിലലിയുമ്പോള്‍
നിന്റെ മഴ എന്നിലേക്ക്‌ പെയ്തിറങ്ങട്ടെ.
കാടു പൂക്കുമ്പോള്‍
നമുക്കു കടല്‍ക്കാറ്റിന്റെ ഇരമ്പലിനു കാതോര്‍ക്കാം.

....................... നന്ദിത

Sunday, May 4, 2008

പ്രണയം നിങ്ങളെ വിളിക്കുമ്പോള്‍

പ്രണയം നിങ്ങളെ വിളിക്കുമ്പോള്‍
അവനെ അനുഗമിക്ക.
അവന്റെ വഴികള്‍ കഠിനവും ചെങ്കുത്തായതും
ആണെങ്കിലും.
അവന്റെ ചിറകുകള്‍ നിങ്ങളെ പൊതിയുമ്പോള്‍
അവന് കീഴ്വഴങ്ങുക.
അവന്റെ തൂവലുകള്‍ക്കിടയില്‍
ഒളിപ്പിച്ച ഖഡ്ഗം
നിങ്ങളെ മുറിവേല്‍പ്പിക്കുമെങ്കിലും ...

.................. ഖലില്‍ ജിബ്രാന്‍

Saturday, May 3, 2008

പിറക്കാത്ത മകന്

"അച്ഛാ, എന്റെ പോന്നച്ഛാ, എന്നെ കൊല്ലല്ലേ. സപ്താശ്വരധത്തില്‍ എഴുന്നള്ളുന്ന ജപാകുസുമസങ്കാശനും സര്‍വ്വപാപഘ്നനും ആയ സൂര്യദേവന്റെ മഹാദ്യുതി ഞാനും ഒരിക്കല്‍ കണ്ടു കൊള്ളട്ടെ. സമുദ്രവസനയും രത്നഗര്‍ഭയുമായ ഭൂമീദേവിയെ ഒരിക്കലെങ്കിലും ഞാനും സ്പര്‍ശിച്ചു കൊള്ളട്ടെ. ഈരേഴുപതിന്നാല് ലോകങ്ങളിലും വച്ച് ഏറ്റവും മാധുര്യമേറിയ അമൃതമായ മാതൃസ്തന്യം ഒരു തുള്ളി ഞാനും രുചിച്ചു കൊള്ളട്ടെ.
അച്ഛാ, എന്റെ പോന്നച്ഛാ, എന്നെ കൊല്ലല്ലേ."

ഇല്ല ഞാനൊന്നും കേട്ടില്ല. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ വിറയ്ക്കുന്ന കൈയോടെ എന്റെ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭത്തില്‍ വെച്ചു കൊല്ലാനുള്ള സമ്മതപത്രം ഞാന്‍ ഒപ്പിട്ടു കൊടുത്തു.

നിര്‍ഭാഗ്യവാനായ മകനെ, നിര്‍ഭാഗ്യവതിയായ അമ്മേ, മഹാപാതകിയായ ഈ പിതാവിനോട്‌ പൊറുക്കണേ.

എന്റെ ഉള്ളില്‍, കണ്ണുനീരിന്റെ കരിങ്കടല്‍ കടഞ്ഞു സര്‍പ്പകേശിനിയും രക്തനേത്രയുമായ കാവ്യദേവത കാകോള കുംഭവുമായി ഉയര്‍ന്നു വന്നു. ഞാനാ വിഷകുംഭം വാങ്ങി സസന്തോഷം കുടിച്ചു. തൊണ്ട പൊള്ളിക്കൊണ്ടു പാടി.

"ലോകാവസാനം വരേയ്ക്കും പിറക്കാതെ
പോകട്ടെ നീയെന്‍ മകനെ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞു വിളിക്കുവാന്‍
ആരെനിക്കുള്ളൂ നിയല്ലാതെ - എങ്കിലും


പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?

അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍
ഗര്‍ഭത്തിലെ കണ്ണു പൊട്ടിയ വാക്കുകള്‍
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ

ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം
.
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍
.

മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.

ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്‌, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്‌, കാലത്രയങ്ങള്‍ക്കതീതനായ്‌."

.......................... ബാലചന്ദ്രന്‍ ചുള്ളിക്കാട് (ചിദംബര സ്മരണ)



ആലാപനം : ബഹുവ്രീഹി

Friday, May 2, 2008

പ്രിയേ, നീ ആ പൂവ് എന്ത് ചെയ്തു?

പ്രിയേ, നീ ആ പൂവ് എന്ത് ചെയ്തു?
ഏത് പൂവ് ?
രക്തനക്ഷത്രം പോലെ
കടും ചെമപ്പ് നിറമാര്‍ന്ന ആ പൂവ്...
അതോ, തിടുക്കപ്പെട്ട് അറിയുന്നതെന്തിന്?
ചവിട്ടി അരച്ചു കളഞ്ഞോ എന്നറിയാനാ.
കളഞ്ഞെങ്ങിലെന്ത് ?
ഓ ഒന്നുമില്ല, എന്റെ ഹൃദയമായിരുന്നു അത്...

.................................. ബഷീര്‍

Thursday, May 1, 2008

ആഴങ്ങളിലേക്ക് പോകും മുന്‍പേ...

ആദ്യം ഇലകള്‍ പോഴിച്ചിട്ടു
പുഴയുടെ നനവറിയാന്‍.
പിന്നെ ചില്ലകള്‍ അടര്‍ത്തിയിട്ടു
ഒഴുക്കിന്റെ വേഗമറിയാന്‍.
ഒടുവില്‍ കടപുഴകി വീണു
ആഴങ്ങളിലെ ഇരുട്ടറിയാന്‍.
വൈകിയെത്തിയ കാറ്റു
പുഴയുടെ നെഞ്ചില്‍
ചെവി ചേര്‍ത്തു വച്ചു,
തന്റെ കൈകള്‍ താങ്ങി നിര്‍ത്തിയ
കൂട്ടിലെ കിളിക്കുഞ്ഞ്
നീന്താന്‍ പഠിച്ചോ എന്തോ ?

..................... ആമി സലീം