Sunday, May 31, 2009

കൃഷ്ണന്‍റെ രാധ

സൂര്യാസ്തമന മുഹൂര്‍്ത്തത്തില്‍്
ഒരു നദീ തടത്തില്‍ വെച്ച്
കൃഷ്ണന്‍ അവളെ അവസാനമായ്‌
സ്നേഹിച്ചു.
പിന്നെ
ഉപേക്ഷിച്ചു....
ആ രാത്രി ഭര്‍ത്താവിന്റെ
കൈകള്‍ക്കിടയില്‍ താന്‍ മരിച്ചുപോയവളായി രാധക്ക് തോന്നി
അപ്പോള്‍ അദ്ദേഹം അന്വേഷിച്ചു.....
എന്ത് കുഴപ്പമാണ് സംഭവിച്ചത്..? 'പ്രിയേ...
നീയെന്റെ ചുംബനങ്ങള്‍ ശ്രദ്ധിക്കുന്നേയില്ലെന്നോ....'
അവള്‍ പറഞ്ഞു....
'അല്ല ഒരിക്കലുമതങ്ങനെയല്ല'
പക്ഷെ അവള്‍ ചിന്തിച്ചു....
കൂത്താടികള്‍ നോവിച്ചാല്‍്
ഒരു മൃതദേഹത്തിന് എന്ത് സംഭവിക്കാനാണ് .....

............................. മാധവിക്കുട്ടി / കമല സുരയ്യ

Saturday, May 30, 2009

നിന്നില്‍ നിന്നടര്‍ന്നാലെനിക്കൊരു പുണ്യതീരമുണ്ടാവുമോ ?

നിന്നില്‍ നിന്നടര്‍ന്നാലെനിക്കൊരു
പുണ്യതീരമുണ്ടാവുമോ ?
മണ്ണിലല്ലാതെ മഞ്ഞുപൂവിന്റെ
മന്ദഹാസമുണ്ടാകുമോ ?
വ്യോമാഗംഗയില്‍ ആയിരം കോടി
താരകങ്ങള്‍ വിളിക്കിലും
ശ്യാമമോഹിനി പോവുകില്ല ഞാന്‍
നിന്‍ സ്വരാഞ്ജലിയാണു ഞാന്‍...

......................... മധുസൂദനന്‍ നായര്‍

Friday, May 29, 2009

മോഹവീണതന്‍ തന്തിയില്‍ ഒരു രാഗം കൂടി ഉണര്‍ന്നെങ്കില്‍...

മോഹവീണതന്‍ തന്തിയില്‍
ഒരു രാഗം കൂടി ഉണര്‍ന്നെങ്കില്‍
സ്വപ്നം പൂവിടും വല്ലിയില്‍
ഒരു പുഷ്പം കൂടി വിടര്‍ന്നെങ്കില്‍

എത്ര വര്‍ണം കലര്‍ന്നു കാണുമീ
ചിത്രപൂര്‍ണിമ തീരുവാന്‍
നാദമെത്ര പകര്‍ന്നു കാണുമീ
രാഗമാലിക മീട്ടുവാന്‍

സംഗമസ്ഥാനമെത്തുകില്ലെന്റെ
സര്‍ഗസംഗീതഗംഗകള്‍
തോട്ടുപോയാല്‍ തകര്‍ന്നു പോമെന്റെ
ഹൃത്തിലെ നാദതന്ത്രികള്‍

വീണയായ് പുനര്ജനിച്ചെങ്കില്‍
വീണപൂവിന്റെ വേദന
നിത്യതയില്‍ ഉയിര്‍ത്തെണീറ്റെങ്കില്‍
മൃത്യു പുല്‍കിയ ചേതന.

......................... ജി. ഗോപാലകൃഷ്ണന്‍

Thursday, May 7, 2009

സന്ദര്‍ശനം

ചില നിമിഷത്തിലേകാകിയാം പ്രാണന്‍
അലയുമാര്ത്തനായ് ഭൂതായനങ്ങളില്‍
ഇരുളിലപ്പോഴുദിക്കുന്നു നിന്‍ മുഖം
കരുണമാം ജനനാന്തര സാന്ത്വനം.

നിറമിഴിനീരില്‍ മുങ്ങും തുളസിതന്‍
കതിരുപോലുടന്‍ ശുദ്ധനാകുന്നു ഞാന്‍
അരുതു ചൊല്ലുവാന്‍ നന്ദി; കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരിക്കുക
സമയമാകുന്നു പോകുവാന്‍ --- രാത്രിതന്‍
നിഴലുകള്‍ നമ്മള്‍ --- പണ്ടേ പിരിഞ്ഞവര്‍.

.............. ബാലചന്ദ്രന്‍ ചുള്ളിക്കാട്

Wednesday, May 6, 2009

ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം?

ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മിക്കണം എന്ന വാക്കു മാത്രം
എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും
കണ്ടു മുട്ടാം എന്ന വാക്കു മാത്രം
നാളെ പ്രതീക്ഷ തന്‍ കുങ്കുമപ്പൂവായി
നാം കടം കൊള്ളുന്നതിത്ര മാത്രം

കണ്ടു മുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
വര്‍ണങ്ങള്‍ വറ്റുന്ന കണ്ണുമായി
നിറയുന്നു നീയെന്നില്‍ നിന്‍റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളി പോലെ

ദുരിതമോഹങ്ങള്‍ക്കു മുകളില്‍ നിന്നൊറ്റക്ക്
ചിതറി വീഴുന്നതിന്‍ മുന്‍പല്‍പ്പമാത്രയില്‍
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്‍റെ
മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ...

.......... മുരുകന്‍ കാട്ടാക്കട (രേണുക)

Wednesday, March 11, 2009

താമരപ്പൂക്കളും ഞാനും

താമരപ്പൂക്കളും ഞാനുമൊന്നിച്ചാണു
താമസിക്കുന്നതീ നാട്ടില്‍
കന്നിനിലാവും ഇളംവെയിലും
വന്നു ചന്ദനം ചാര്‍ത്തുന്ന നാട്ടില്‍
ഒന്നിച്ചു ഞങ്ങളുറങ്ങുമുറക്കത്തില്‍
ഒന്നേ മനസ്സിനു മോഹം
ഒന്നിച്ചുണരും ഉണര്‍ന്നെണീക്കുമ്പോള്‍
ഒന്നേ മിഴികളില്‍ ദാഹം.

എന്റെ ചിത്രത്തിലെ പൂവിന്നു
കൂടുതലുണ്ടായിരിക്കാം ദലങ്ങള്‍
കണ്ടു പരിചയമില്ലാത്ത വര്‍ണങ്ങള്‍
കണ്ടിരിക്കാമിതിന്നുള്ളില്‍
എന്റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെന്നന്തരിദ്രിയ ഭാവം
എന്റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെന്നനുഭൂതി തന്‍ നാദം.


............................ വയലാര്‍

Monday, March 9, 2009

ഹാ! ജീവിതം എത്ര ധന്യം!

ആര്‍ദ്രമായൊരു നോട്ടം
മൃദുവായൊരു സ്പര്‍ശനം
സൌമ്യമായൊരു വാക്ക്
ഹാ! ജീവിതം എത്ര ധന്യം!

............... സലീം

Saturday, February 21, 2009

ഒരു നാള്‍...

ഒരു നാള്‍ എന്റെ ഹ്യദയത്തിന്റെ
ചുവപ്പു നീ തിരിച്ചറിയും
അന്നെന്റെ രക്തം കൊണ്ടു മേഘങ്ങള്‍ ചുവക്കും.
എന്റെ നിശ്വാസത്തിന്‍റ കാറ്റില്‍
ചുവന്ന മഴയായി അതു പെയ്തു വീഴും.
അന്നു ഭൂമിയിലെ മുഴുവന്‍ പൂക്കളും
ചുവന്നു പൂക്കും അപ്പോള്‍...
ഒരു പക്ഷേ ഞാന്‍ മരിച്ചിരിക്കും...

.............. ഖലീല്‍ ജിബ്രാന്‍

Saturday, February 14, 2009

നീ അരികില്‍ മെല്ലെ പൊഴിയൂ

ഇളം നീല നീല മിഴികള്‍
നിന്‍ തേങ്ങലോലും മൊഴികള്‍
എന്നാത്മ മൌനമേ നീ
കുളിര്‍ വീണുറങ്ങുവാനായ്
അരികില്‍ മെല്ലെ പൊഴിയൂ...

ഈ രാവിലേത് മൌനം
എന്‍ ജാലകത്തില്‍ വന്നൂ
പൊന്‍ താരകങ്ങള്‍ വിരികെ
നിന്‍ നിസ്വനങ്ങള്‍ മറയെ
എന്‍ നെഞ്ചിതൊന്നു മുറിയും...

............... റീത്ത പോള്‍

Friday, February 13, 2009

ഒരു കാമുകന്റെ പഴയ ഡയറിയില്‍ നിന്ന്

സ്വപ്നങ്ങളില്‍ പൂക്കളുടെ സുഗന്ധം ഞാനനുഭവിച്ചത് നിന്നെ കണ്ടതിനു ശേഷമായിരുന്നു. രാത്രികള്‍ മഞ്ഞു വീണു തണുത്തിരുന്നു. ഒരു കൈയില്‍ നിലാവിനേയും മറുകൈയ്യില്‍ നിന്റെ വിരല്‍ത്തുമ്പും പിടിച്ചു ആകാശചെരുവിലൂടെ പറന്നു പോകുന്ന ഒരു സ്വപ്നം എന്നും എന്റെയുള്ളിലുണ്ട്.

പുരാതനകാലത്തിലെ ഏതോ ഒരു വഴിപടം നോക്കി യാത്രചെയ്യുകയാണിപ്പോള്. എനിക്ക് പോകേണ്ടതും എത്തേണ്ടതുമായ ആ ലക്ഷ്യത്തിലേക്ക്. ഇനി എത്ര നാള്‍? അറിയില്ല. പക്ഷെ ഒന്നറിയാം, നിന്റെ കണ്ണുകളിലൂടെ ഞാനവിടെ എത്തും. അതൊരു വിശ്വാസമാണ്. ശക്തിയാണ്. അത് മാത്രമാണ് ശാശ്വതമായ സത്യവും.

ഞാന്‍ കാത്തിരിക്കുന്നു. നിലാവിന്റെ വെളിച്ചം നമ്മോട് ഒപ്പമുണ്ടാവും. ഇല്ലേ...?

കനിവിന്റെ തണുത്ത കാറ്റുമായി നിന്റെ അക്ഷരങ്ങള്‍ ഇനിയെന്ന്...

എന്നും എപ്പോഴും നിന്റേതു മാത്രം.

........................... മധുപാല്‍

Thursday, February 12, 2009

ഒരു പ്രണയഗീതം

കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെന്റെ
കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും
കണ്ണിന്റെ നക്ഷത്രജാലകത്തില്‍കൂടി
ജന്മാന്തരങ്ങളെക്കണ്ടുമൂര്‍ഛിച്ചതും,
എന്നോ കറുത്ത തിരശ്ശീല വീണതാം
ഉന്മാദ നാടകരംഗസ്മരണകള്

.............. ബാലചന്ദ്രന്‍ ചുള്ളിക്കാട്

Saturday, February 7, 2009

ഒരു മഴക്കാലത്തില്‍ നനഞ്ഞ്

എന്താണ് കവിത?
ഒരിക്കല്‍ അവളെന്നോടു ചോദിച്ചു.
നിന്റെ കണ്ണും
കണ്ണിലെ കടലും
പാല്‍ത്തിരയും എന്നെ കവിയാക്കുന്നു...
എന്താണ് പ്രണയം?
ഒരു മഴക്കാലം കണ്ണിലലിയിച്ചു
അവളെന്നെ നനച്ചു...
പുഴയോഴുക്കിന്റെ താളത്തിനൊത്ത്,
കാടും മേടും താണ്ടിയുള്ള
തീര്ത്ഥയാത്രയത്
ഒരിലത്തണലിന്റെ അഭയമാണ്
പ്രണയം....

....................... ഷംസുദീന്‍ കുട്ടോത്ത്

ബാക്കിപത്രം

'ഒന്നും പറയാനില്ലേ?'
'ഒന്നു ചോദിക്കണമെന്നുണ്ട്.'
'ഉം-?'
'എന്നെ വെറുത്തു തുടങ്ങിയോ?'
'എന്തിന്?'
'ഒരിക്കല്‍ സ്നേഹിച്ചിരുന്നതുകൊണ്ട് .'

................ മാധവിക്കുട്ടി (തരിശുനിലം)

ചിന്നഹള്ളിയിലെ തണുത്ത രാത്രികള്‍

നീ എനിക്കായ് അകലെ കാത്തിരിക്കുന്നു. മൂടല്‍ മഞ്ഞില്‍ ഉറങ്ങിക്കിടക്കുന്ന താഴ്വരകളുടെ നാട്ടില്‍ നീ തന്ന സ്വപ്നങ്ങളുടെ പ്രണയകാലവുമായ് ഞാന്‍ ഇവിടെയും. ഓരോ ദിവസവും ഓരോ നിമിഷവും ഞാന്‍ നിന്നോട് കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നു. നിന്നിലേക്കുള്ള എന്‍റെ യാത്ര , അത് തുടങ്ങിക്കഴിഞ്ഞു. ഞാന്‍ വരുന്നു, നിന്നെയും തേടി, തണുത്ത കാറ്റും വിളഞ്ഞു നില്‍ക്കുന്ന വയലുകളും പിന്നെ മഞ്ഞു മൂടിയ മലനിരകളുമുള്ള നിന്റെ താഴവരയിലേയ്ക്ക്...

...................... ശിവ

Saturday, January 17, 2009

എന്റെ ദൈവത്തിന്

സൂര്യനായ്‌ ജ്വാലയായ്
എന്റെ അസ്വസ്ഥതയെ നീ തീണ്ടുന്നു.
ദാഹം മറന്ന ആത്മാവിലേക്ക്‌
മഴയായ്‌ ആര്‍ത്തലച്ചു പെയ്യുന്നു.
കാറ്റു പൊതിയുന്ന മേനിയില്‍
ഒരു മഞ്ഞു തുള്ളിയായ് കിനിഞ്ഞിറങ്ങുന്നു.
മറ്റൊരു വേദനയായ്‌ പൊട്ടി വിരിയുന്നു.
ഓര്‍മകളില്‍ ഓടക്കുഴലിന്റെ വേദനയായ്‌ പുളയുന്നു.
ദൈവമേ നിന്നോടു ഞാന്‍ യാത്ര പറയുന്നു.
ഇനിയെന്റെ യാത്ര
കാലങ്ങള്‍ക്കപ്പുറം ശിരസ്സറ്റ്
ജനനിയുടെ ഗര്‍ഭപാത്രത്തിലേക്ക്...

...................... നന്ദിത

Wednesday, January 7, 2009

ഓര്‍ക്കുക വല്ലപ്പോഴും

പ്രണയപുസ്തകത്തിന് ഇന്ന് ഒരു വയസ്സ് തികയുന്നു. എല്ലാവരുടെയും പ്രോത്സാഹനത്തിനു നന്ദി.എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ പുതുവല്‍സരാശംസകള്‍.പിന്നെ... രണ്ടു വാക്കുകള്‍ മാത്രം.
"ഓര്‍ക്കുക വല്ലപ്പോഴും..."

പണ്ടത്തെ കളിത്തോഴന്‍
കാഴ്ച വെയ്ക്കുന്നൂ മുന്നില്‍
രണ്ടു വാക്കുകള്‍ മാത്രം
ഓര്‍ക്കുക വല്ലപ്പോഴും...

ഓര്‍ക്കുക വല്ലപ്പോഴും
പണ്ടത്തെ കാടും മേടും
പൂക്കാലം വിതാനിക്കും ആ പുല്‍മേടും
രണ്ടു കൊച്ചാത്മാവുകള്
അവിടങ്ങളില്‍ വെച്ചു പണ്ടത്തെ
രാജാവിന്‍ കഥകള്‍ പറഞ്ഞതും

മരിക്കും സ്മൃതികളില്‍
ജീവിച്ചു പോരും ലോകം
മറക്കാന്‍ പഠിച്ചത് നേട്ടമാണെന്നാകിലും
ഹസിക്കും പൂക്കള്‍ പൊഴിഞ്ഞില്ലെങ്കിലൊരുനാളും
വസന്തം വസുധയില്‍ വന്നിറങ്ങില്ലെന്നാലും
വ്യര്‍ത്ഥമായ് ആവര്‍ത്തിപ്പൂ
വ്രണിത പ്രതീക്ഷയാല്‍
മര്‍ത്യനീപ്പദം രണ്ടും
ഓര്‍ക്കുക വല്ലപ്പോഴും...

.................... പി. ഭാസ്കരന്‍