Saturday, January 17, 2009

എന്റെ ദൈവത്തിന്

സൂര്യനായ്‌ ജ്വാലയായ്
എന്റെ അസ്വസ്ഥതയെ നീ തീണ്ടുന്നു.
ദാഹം മറന്ന ആത്മാവിലേക്ക്‌
മഴയായ്‌ ആര്‍ത്തലച്ചു പെയ്യുന്നു.
കാറ്റു പൊതിയുന്ന മേനിയില്‍
ഒരു മഞ്ഞു തുള്ളിയായ് കിനിഞ്ഞിറങ്ങുന്നു.
മറ്റൊരു വേദനയായ്‌ പൊട്ടി വിരിയുന്നു.
ഓര്‍മകളില്‍ ഓടക്കുഴലിന്റെ വേദനയായ്‌ പുളയുന്നു.
ദൈവമേ നിന്നോടു ഞാന്‍ യാത്ര പറയുന്നു.
ഇനിയെന്റെ യാത്ര
കാലങ്ങള്‍ക്കപ്പുറം ശിരസ്സറ്റ്
ജനനിയുടെ ഗര്‍ഭപാത്രത്തിലേക്ക്...

...................... നന്ദിത

Wednesday, January 7, 2009

ഓര്‍ക്കുക വല്ലപ്പോഴും

പ്രണയപുസ്തകത്തിന് ഇന്ന് ഒരു വയസ്സ് തികയുന്നു. എല്ലാവരുടെയും പ്രോത്സാഹനത്തിനു നന്ദി.എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ പുതുവല്‍സരാശംസകള്‍.പിന്നെ... രണ്ടു വാക്കുകള്‍ മാത്രം.
"ഓര്‍ക്കുക വല്ലപ്പോഴും..."

പണ്ടത്തെ കളിത്തോഴന്‍
കാഴ്ച വെയ്ക്കുന്നൂ മുന്നില്‍
രണ്ടു വാക്കുകള്‍ മാത്രം
ഓര്‍ക്കുക വല്ലപ്പോഴും...

ഓര്‍ക്കുക വല്ലപ്പോഴും
പണ്ടത്തെ കാടും മേടും
പൂക്കാലം വിതാനിക്കും ആ പുല്‍മേടും
രണ്ടു കൊച്ചാത്മാവുകള്
അവിടങ്ങളില്‍ വെച്ചു പണ്ടത്തെ
രാജാവിന്‍ കഥകള്‍ പറഞ്ഞതും

മരിക്കും സ്മൃതികളില്‍
ജീവിച്ചു പോരും ലോകം
മറക്കാന്‍ പഠിച്ചത് നേട്ടമാണെന്നാകിലും
ഹസിക്കും പൂക്കള്‍ പൊഴിഞ്ഞില്ലെങ്കിലൊരുനാളും
വസന്തം വസുധയില്‍ വന്നിറങ്ങില്ലെന്നാലും
വ്യര്‍ത്ഥമായ് ആവര്‍ത്തിപ്പൂ
വ്രണിത പ്രതീക്ഷയാല്‍
മര്‍ത്യനീപ്പദം രണ്ടും
ഓര്‍ക്കുക വല്ലപ്പോഴും...

.................... പി. ഭാസ്കരന്‍