സൂര്യനായ് ജ്വാലയായ്
എന്റെ അസ്വസ്ഥതയെ നീ തീണ്ടുന്നു.
ദാഹം മറന്ന ആത്മാവിലേക്ക്
മഴയായ് ആര്‍ത്തലച്ചു പെയ്യുന്നു.
കാറ്റു പൊതിയുന്ന മേനിയില്‍
ഒരു മഞ്ഞു തുള്ളിയായ് കിനിഞ്ഞിറങ്ങുന്നു.
മറ്റൊരു വേദനയായ് പൊട്ടി വിരിയുന്നു.
ഓര്‍മകളില്‍ ഓടക്കുഴലിന്റെ വേദനയായ് പുളയുന്നു.
ദൈവമേ നിന്നോടു ഞാന്‍ യാത്ര പറയുന്നു.
ഇനിയെന്റെ യാത്ര
കാലങ്ങള്‍ക്കപ്പുറം ശിരസ്സറ്റ്
ജനനിയുടെ ഗര്‍ഭപാത്രത്തിലേക്ക്...
...................... നന്ദിത
Saturday, January 17, 2009
എന്റെ ദൈവത്തിന്
Wednesday, January 7, 2009
ഓര്‍ക്കുക വല്ലപ്പോഴും
പ്രണയപുസ്തകത്തിന് ഇന്ന് ഒരു വയസ്സ് തികയുന്നു. എല്ലാവരുടെയും പ്രോത്സാഹനത്തിനു നന്ദി.എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ പുതുവല്‍സരാശംസകള്‍.പിന്നെ... രണ്ടു വാക്കുകള്‍ മാത്രം.
"ഓര്‍ക്കുക വല്ലപ്പോഴും..."
പണ്ടത്തെ കളിത്തോഴന്‍
കാഴ്ച വെയ്ക്കുന്നൂ മുന്നില്‍
രണ്ടു വാക്കുകള്‍ മാത്രം
ഓര്‍ക്കുക വല്ലപ്പോഴും...
ഓര്‍ക്കുക വല്ലപ്പോഴും
പണ്ടത്തെ കാടും മേടും
പൂക്കാലം വിതാനിക്കും ആ പുല്‍മേടും
രണ്ടു കൊച്ചാത്മാവുകള്
അവിടങ്ങളില്‍ വെച്ചു പണ്ടത്തെ
രാജാവിന്‍ കഥകള്‍ പറഞ്ഞതും
മരിക്കും സ്മൃതികളില്‍
ജീവിച്ചു പോരും ലോകം
മറക്കാന്‍ പഠിച്ചത് നേട്ടമാണെന്നാകിലും
ഹസിക്കും പൂക്കള്‍ പൊഴിഞ്ഞില്ലെങ്കിലൊരുനാളും
വസന്തം വസുധയില്‍ വന്നിറങ്ങില്ലെന്നാലും
വ്യര്‍ത്ഥമായ് ആവര്‍ത്തിപ്പൂ
വ്രണിത പ്രതീക്ഷയാല്‍
മര്‍ത്യനീപ്പദം രണ്ടും
ഓര്‍ക്കുക വല്ലപ്പോഴും...
.................... പി. ഭാസ്കരന്‍
Wednesday, December 31, 2008
ലളിതം
ഇവിടെയുണ്ടായിരുന്നു ഞാന്‍ എന്നതിന്നൊ-
രുവെറും തൂവല്‍ താഴെയിട്ടാല്‍ മതി
ഇനിയുമുണ്ടാവും എന്നതിന്‍ സാക്ഷ്യമായ്
അടയിരുന്നതിന്‍ ചൂടു മാത്രം മതി.
...................... പി. പി. രാമചന്ദ്രന്‍
Friday, December 19, 2008
നന്ദി
നന്ദി... പ്രിയസഖീ നന്ദി...
എനിക്കു നീ തന്നതിനെല്ലാം നന്ദി.
ഒന്നും മിണ്ടാതെയരികിലിരുന്നു നീ
തന്നോരു ബന്ധുര നിര്‍വൃതിക്കും
ഞാനറിയാതെയെന്റെ നേര്‍ക്കു നീളും മിഴി-
ക്കോണില് തുളുമ്പിയോരാര്ദ്രതക്കും
പിന്നെയാ ചൊടിതന്നില്‍ വിടര്‍ന്നൊരാ
ചമ്പകപ്പൂവിതള്‍ പുഞ്ചിരിക്കും
കാറ്റിലുലഞ്ഞ മുടിച്ചാര്‍ത്തില്‍ നിന്നെന്റെ
കൈക്കുമ്പിളില്‍ വീണ പൂവുകള്‍ക്കും
ഒന്നും പറയാതെ പോയി നീയെങ്കിലും
ഓര്‍മ്മയില്‍ പെയ്യും സുഗന്ധത്തിനും
ഇത്തിരി നേരമെന്നാകിലും നീയെന്റെ
സ്വപ്നങ്ങളില്‍വന്നു പോവതിന്നും,
എങ്ങുനിന്നോ ഒരു കുഞ്ഞരിപ്രവായ് വ -
ന്നെന്‍ സുഖമാരായും കൊഞ്ചലിനും
നൊന്തെരിയുന്നൊരെന്‍ മണ്‍ചിരാതിന്‍ പ്രാണ -
തന്തുവില്‍ സ്നേഹം ചൊരിവതിന്നും,
നന്ദി! പ്രിയസഖീ നന്ദി! എനിക്ക് നീ
തന്നതിനെല്ലാം... തരാത്തതിനും...
.......................... ഒ.എന്‍.വി.
Thursday, November 20, 2008
സ്നേഹിച്ചു തീരാത്തവര്‍
സഖി, നിനക്കായി ഞാന്‍ പാടിയ പാട്ടെല്ലാം
അഗതികളായിങ്ങലഞ്ഞിടുന്നു മണ്ണില്‍!
തിരയുന്നു ഞാനുമെന്‍ ഗാനവും നിന്നെ
വേര്‍പിരിയുന്നു വീണ്ടും നാമീയിരുളില്‍!
ഇരുജന്മവേളകല്ക്കിടയില്
മൃതിയെന്നോരിടവേള വേണമെന്നാകിലാകട്ടെ!
വിടപറയാം പുനര്ദര്‍ശനഭാഗ്യം
നേര്ന്നിതുവഴി വീണ്ടും വന്നണയുമെങ്കില്!
ഇവിടെ നാം പാടാത്ത പാട്ടില്ല!
നിന്റെയീ നിടിലതിലത്രേയെന്‍ നീലാകാശം!
ഇനി നാളെയെന്‍ മിഴി മങ്ങുമ്പോള്‍, കാഴ്ചകള്‍
ഇരുളുമ്പോള്‍, നീയാണെന്‍ മിഴികള്‍!
.......................... O.N.V
Tuesday, September 23, 2008
കനല്‍
കാത്തു സൂക്ഷിച്ചൊരു സ്നേഹത്തിന്‍ തിരിനാളം...
കത്തി ജ്വലിക്കുമൊരു വേദനയായ് മാറുന്നു.
അണക്കാനാകില്ലൊരിക്കലും മറവിയാല്‍...
കനലായ് മാറിയൊരു ഹൃദയത്തിന്‍ നോവിനെ.
ചേര്‍ത്തുവെക്കാം ഇതുംകൂടെയെന്‍ ഓര്‍മ്മചെപ്പില്‍...
ചിതയിലേക്കുള്ള എന്റെ വിലപ്പെട്ട സമ്പാദ്യമായ്.
................................. അഭി
Wednesday, September 3, 2008
നഷ്ടപ്പെട്ട നീലാംബരി
ഇന്നാകാശത്തില്‍ കത്തിയെരിയുന്ന മുഖം എന്നെ ഓര്‍മിപ്പിക്കുന്നതെന്താണ്? കിനാവള്ളി പോലെ എന്നെ വരിയുന്ന കൈകള്‍ ആരുടേതാണ്? എന്റെ മുറിയുടെ നിശ്ശബ്തതയില്‍ ചുണ്ടില്‍ ചുണ്ടമര്‍ത്തിയതാരാണ്?
.................. മാധവിക്കുട്ടി (നഷ്ടപ്പെട്ട നീലാംബരി)
Thursday, August 7, 2008
പ്രണയം ഒരു ശാപമെന്നോ?
പ്രണയം... പ്രണയം അതൊരു ശാപമെന്നോ?
ആര്‍ക്ക്? ആരോട് ?
എങ്ങനെയൊക്കെ? എന്തിനൊക്കെ? എപ്പോഴൊക്കെ?
പ്രണയിക്കുക എളുപ്പമാണ്
പ്രണയിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത്.
ഭൂമി നിറയെ പൂക്കള്‍
എന്റെയീ കൈക്കുടന്നയിലെത്ര കൊള്ളും?
ഭൂമി നിറയെ പ്രണയം
ഒരു പെണ്ണിന്റെ കണ്ണിലെത്ര കൊള്ളും?
.................. പ്രശാന്ത് നാരായണന്‍ (ഛായാമുഖി)
Monday, August 4, 2008
തിരിനാളത്തിനുള്ളില്‍ ഒരാത്മാവുണ്ട്!
തിരിനാളത്തിനുള്ളില്‍ ഒരാത്മാവുണ്ട്!
തിരിയുടേതല്ല
നാളത്തിന്റേതല്ല
കെട്ടു പോകുന്നതിനു മുന്‍പുള്ള ജീവിതത്തിന്റെ...
................. സെബാസ്ത്യന്‍
Thursday, July 10, 2008
ഹേ മനുഷ്യാ, നീയെങ്ങോട്ടു പോയിട്ടെന്ത്?
നീ ചിന്തിക്കുന്നു
നിനക്കു കിട്ടാത്ത സ്നേഹത്തെ കുറിച്ച്.
നിനക്കു ഭുമിയാണ് മാതാവ്
നിന്നെ കരള്‍ നൊന്തു വിളിക്കുന്ന
മാതാവിനെ നീ കാണുന്നില്ല.
നീ അലയുകയാണ്.
പിതാവിനെ തേടി,
മാതാവിനെ ഉപേക്ഷിച്ച്...
ഹേ മനുഷ്യാ, നീയെങ്ങോട്ടു പോയിട്ടെന്ത്?
.................... നന്ദിത
Tuesday, June 3, 2008
വര്‍ഷമേ സ്വാഗതം
മിഴിക്കു നിലാഞ്ജന പുഞ്ജമായും
ചെവിക്കു സംഗീതക സാരമായും
മെയ്യിന്നു കര്‍പ്പൂരക പൂരമായും
പുലര്‍ന്നുവല്ലോ പുതുവര്‍ഷ കാലം.
................... വൈലോപ്പിള്ളി (വര്‍ഷഗമം)
Wednesday, May 28, 2008
മേഘങ്ങളേ കീഴടങ്ങുവിന്‍
ഈ മണ്ണിടംപാടു ചുറ്റുന്നുവോ
മര്‍ദ്ദമാപിനിയില്‍ അക്കങ്ങള്‍ ഖേദിച്ചുവോ
നമ്മളെങ്ങോ തെറിച്ചു രണ്ടാകുന്ന പോലെ
ഹാ! ആ വേര്‍പാട് നോവല്ല, വേരറ്റൊടുങ്ങലാം.
ആരോ തുഴഞ്ഞടുക്കും പോലെ
സ്വരമേറ്റിയാരോ വിളിക്കുന്ന പോലെ
ബോധത്തെ ഒരു കാന്തം വലിക്കുന്ന പോലെ
നിന്‍ കരള്‍ എന്നെ വരിയുന്നുവല്ലോ
തലോടുന്നുവല്ലോ.
കൂട്ടുകാരി, നമ്മള്‍ കോര്‍ത്ത കയ്യഴിയാതെ
ചേര്‍ന്ന ഹൃദ്താള ഗതിയൂര്‍ന്നു പോകാതെ
മിഴിവഴുതി വീഴാതിരുള്‍ക്കയം ചൂഴാതെ
പാര്‍ത്തിരിക്കേണം ഇനി നാം തനിച്ചല്ലൊ!!
...................... മധുസൂദനന്‍ നായര്‍
Friday, May 23, 2008
ആര്‍ദ്രം
നിന്റെ കണ്ണീരില്‍ കുതിര്‍ന്നൊരീ തൂവാല
ഇന്നീ പനിനീര്‍ച്ചെടിച്ചില്ലയില്‍ വീണുപോയ്
പിന്നെയിതളിതളായ് വിടര്‍ന്നൊരു
ചെമ്പനീര്‍മൊട്ടിനെ തൊട്ടു തലോടവെ
എന്തിനേ നീയതു ചെന്നെടുത്തു വീണ്ടും
എന്തിനതിന്റെ നനവിലലിഞ്ഞൊരു
ഹൃദ്യനറുമണം നിന്‍ ദീര്‍ഘ ചുംബനം ഒപ്പിയെടുക്കവെ
നനഞ്ഞു നിന്‍ കണ്‍കളും.
................................ ഒ.എന്‍.വി.
Tuesday, May 20, 2008
നിന്റെ കൂടെ
ഈ തോണി
എങ്ങോട്ടു പോയാലും
നീ ചിരിക്കാത്ത വന്‍കരകളിലൊക്കെ
എന്റെ
ഏകാന്തത പൂത്തിരിക്കും
....................... ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
Saturday, May 17, 2008
വീഞ്ഞ്
നിങ്ങള്‍ ഇവിടെ വന്നെത്തിയിരുന്നെങ്കില്‍,
നിങ്ങളുടെ ജീവിതത്തിന്റെ ഒരു ചീന്ത് എനിക്കു കീറിയെടുക്കാമായിരുന്നു,
നിങ്ങള്‍ പോകുമ്പോള്‍ എന്റേതായ എന്തെങ്കിലും നിങ്ങള്‍ക്കും.
................................. നെരൂദ