ഒരു നാള്‍ എന്റെ ഹ്യദയത്തിന്റെ
ചുവപ്പു നീ തിരിച്ചറിയും
അന്നെന്റെ രക്തം കൊണ്ടു മേഘങ്ങള്‍ ചുവക്കും.
എന്റെ നിശ്വാസത്തിന്‍റ കാറ്റില്‍
ചുവന്ന മഴയായി അതു പെയ്തു വീഴും.
അന്നു ഭൂമിയിലെ മുഴുവന്‍ പൂക്കളും
ചുവന്നു പൂക്കും അപ്പോള്‍...
ഒരു പക്ഷേ ഞാന്‍ മരിച്ചിരിക്കും...
.............. ഖലീല്‍ ജിബ്രാന്‍
Saturday, February 21, 2009
ഒരു നാള്‍...
Saturday, February 14, 2009
നീ അരികില്‍ മെല്ലെ പൊഴിയൂ
ഇളം നീല നീല മിഴികള്‍
നിന്‍ തേങ്ങലോലും മൊഴികള്‍
എന്നാത്മ മൌനമേ നീ
കുളിര്‍ വീണുറങ്ങുവാനായ്
അരികില്‍ മെല്ലെ പൊഴിയൂ...
ഈ രാവിലേത് മൌനം
എന്‍ ജാലകത്തില്‍ വന്നൂ
പൊന്‍ താരകങ്ങള്‍ വിരികെ
നിന്‍ നിസ്വനങ്ങള്‍ മറയെ
എന്‍ നെഞ്ചിതൊന്നു മുറിയും...
............... റീത്ത പോള്‍
Friday, February 13, 2009
ഒരു കാമുകന്റെ പഴയ ഡയറിയില്‍ നിന്ന്
സ്വപ്നങ്ങളില്‍ പൂക്കളുടെ സുഗന്ധം ഞാനനുഭവിച്ചത് നിന്നെ കണ്ടതിനു ശേഷമായിരുന്നു. രാത്രികള്‍ മഞ്ഞു വീണു തണുത്തിരുന്നു. ഒരു കൈയില്‍ നിലാവിനേയും മറുകൈയ്യില്‍ നിന്റെ വിരല്‍ത്തുമ്പും പിടിച്ചു ആകാശചെരുവിലൂടെ പറന്നു പോകുന്ന ഒരു സ്വപ്നം എന്നും എന്റെയുള്ളിലുണ്ട്.
പുരാതനകാലത്തിലെ ഏതോ ഒരു വഴിപടം നോക്കി യാത്രചെയ്യുകയാണിപ്പോള്. എനിക്ക് പോകേണ്ടതും എത്തേണ്ടതുമായ ആ ലക്ഷ്യത്തിലേക്ക്. ഇനി എത്ര നാള്‍? അറിയില്ല. പക്ഷെ ഒന്നറിയാം, നിന്റെ കണ്ണുകളിലൂടെ ഞാനവിടെ എത്തും. അതൊരു വിശ്വാസമാണ്. ശക്തിയാണ്. അത് മാത്രമാണ് ശാശ്വതമായ സത്യവും.
ഞാന്‍ കാത്തിരിക്കുന്നു. നിലാവിന്റെ വെളിച്ചം നമ്മോട് ഒപ്പമുണ്ടാവും. ഇല്ലേ...?
കനിവിന്റെ തണുത്ത കാറ്റുമായി നിന്റെ അക്ഷരങ്ങള്‍ ഇനിയെന്ന്...
എന്നും എപ്പോഴും നിന്റേതു മാത്രം.
........................... മധുപാല്‍
Thursday, February 12, 2009
ഒരു പ്രണയഗീതം
കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെന്റെ
കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും
കണ്ണിന്റെ നക്ഷത്രജാലകത്തില്‍കൂടി
ജന്മാന്തരങ്ങളെക്കണ്ടുമൂര്‍ഛിച്ചതും,
എന്നോ കറുത്ത തിരശ്ശീല വീണതാം
ഉന്മാദ നാടകരംഗസ്മരണകള്
.............. ബാലചന്ദ്രന്‍ ചുള്ളിക്കാട്
Saturday, February 7, 2009
ഒരു മഴക്കാലത്തില്‍ നനഞ്ഞ്
എന്താണ് കവിത?
ഒരിക്കല്‍ അവളെന്നോടു ചോദിച്ചു.
നിന്റെ കണ്ണും
കണ്ണിലെ കടലും
പാല്‍ത്തിരയും എന്നെ കവിയാക്കുന്നു...
എന്താണ് പ്രണയം?
ഒരു മഴക്കാലം കണ്ണിലലിയിച്ചു
അവളെന്നെ നനച്ചു...
പുഴയോഴുക്കിന്റെ താളത്തിനൊത്ത്,
കാടും മേടും താണ്ടിയുള്ള
തീര്ത്ഥയാത്രയത്
ഒരിലത്തണലിന്റെ അഭയമാണ്
പ്രണയം....
....................... ഷംസുദീന്‍ കുട്ടോത്ത്
ബാക്കിപത്രം
'ഒന്നും പറയാനില്ലേ?'
'ഒന്നു ചോദിക്കണമെന്നുണ്ട്.'
'ഉം-?'
'എന്നെ വെറുത്തു തുടങ്ങിയോ?'
'എന്തിന്?'
'ഒരിക്കല്‍ സ്നേഹിച്ചിരുന്നതുകൊണ്ട് .'
................ മാധവിക്കുട്ടി (തരിശുനിലം)
ചിന്നഹള്ളിയിലെ തണുത്ത രാത്രികള്‍
നീ എനിക്കായ് അകലെ കാത്തിരിക്കുന്നു. മൂടല്‍ മഞ്ഞില്‍ ഉറങ്ങിക്കിടക്കുന്ന താഴ്വരകളുടെ നാട്ടില്‍ നീ തന്ന സ്വപ്നങ്ങളുടെ പ്രണയകാലവുമായ് ഞാന്‍ ഇവിടെയും. ഓരോ ദിവസവും ഓരോ നിമിഷവും ഞാന്‍ നിന്നോട് കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നു. നിന്നിലേക്കുള്ള എന്‍റെ യാത്ര , അത് തുടങ്ങിക്കഴിഞ്ഞു. ഞാന്‍ വരുന്നു, നിന്നെയും തേടി, തണുത്ത കാറ്റും വിളഞ്ഞു നില്‍ക്കുന്ന വയലുകളും പിന്നെ മഞ്ഞു മൂടിയ മലനിരകളുമുള്ള നിന്റെ താഴവരയിലേയ്ക്ക്...
...................... ശിവ
Saturday, January 17, 2009
എന്റെ ദൈവത്തിന്
സൂര്യനായ് ജ്വാലയായ്
എന്റെ അസ്വസ്ഥതയെ നീ തീണ്ടുന്നു.
ദാഹം മറന്ന ആത്മാവിലേക്ക്
മഴയായ് ആര്‍ത്തലച്ചു പെയ്യുന്നു.
കാറ്റു പൊതിയുന്ന മേനിയില്‍
ഒരു മഞ്ഞു തുള്ളിയായ് കിനിഞ്ഞിറങ്ങുന്നു.
മറ്റൊരു വേദനയായ് പൊട്ടി വിരിയുന്നു.
ഓര്‍മകളില്‍ ഓടക്കുഴലിന്റെ വേദനയായ് പുളയുന്നു.
ദൈവമേ നിന്നോടു ഞാന്‍ യാത്ര പറയുന്നു.
ഇനിയെന്റെ യാത്ര
കാലങ്ങള്‍ക്കപ്പുറം ശിരസ്സറ്റ്
ജനനിയുടെ ഗര്‍ഭപാത്രത്തിലേക്ക്...
...................... നന്ദിത
Wednesday, January 7, 2009
ഓര്‍ക്കുക വല്ലപ്പോഴും
പ്രണയപുസ്തകത്തിന് ഇന്ന് ഒരു വയസ്സ് തികയുന്നു. എല്ലാവരുടെയും പ്രോത്സാഹനത്തിനു നന്ദി.എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ പുതുവല്‍സരാശംസകള്‍.പിന്നെ... രണ്ടു വാക്കുകള്‍ മാത്രം.
"ഓര്‍ക്കുക വല്ലപ്പോഴും..."
പണ്ടത്തെ കളിത്തോഴന്‍
കാഴ്ച വെയ്ക്കുന്നൂ മുന്നില്‍
രണ്ടു വാക്കുകള്‍ മാത്രം
ഓര്‍ക്കുക വല്ലപ്പോഴും...
ഓര്‍ക്കുക വല്ലപ്പോഴും
പണ്ടത്തെ കാടും മേടും
പൂക്കാലം വിതാനിക്കും ആ പുല്‍മേടും
രണ്ടു കൊച്ചാത്മാവുകള്
അവിടങ്ങളില്‍ വെച്ചു പണ്ടത്തെ
രാജാവിന്‍ കഥകള്‍ പറഞ്ഞതും
മരിക്കും സ്മൃതികളില്‍
ജീവിച്ചു പോരും ലോകം
മറക്കാന്‍ പഠിച്ചത് നേട്ടമാണെന്നാകിലും
ഹസിക്കും പൂക്കള്‍ പൊഴിഞ്ഞില്ലെങ്കിലൊരുനാളും
വസന്തം വസുധയില്‍ വന്നിറങ്ങില്ലെന്നാലും
വ്യര്‍ത്ഥമായ് ആവര്‍ത്തിപ്പൂ
വ്രണിത പ്രതീക്ഷയാല്‍
മര്‍ത്യനീപ്പദം രണ്ടും
ഓര്‍ക്കുക വല്ലപ്പോഴും...
.................... പി. ഭാസ്കരന്‍
Wednesday, December 31, 2008
ലളിതം
ഇവിടെയുണ്ടായിരുന്നു ഞാന്‍ എന്നതിന്നൊ-
രുവെറും തൂവല്‍ താഴെയിട്ടാല്‍ മതി
ഇനിയുമുണ്ടാവും എന്നതിന്‍ സാക്ഷ്യമായ്
അടയിരുന്നതിന്‍ ചൂടു മാത്രം മതി.
...................... പി. പി. രാമചന്ദ്രന്‍
Friday, December 19, 2008
നന്ദി
നന്ദി... പ്രിയസഖീ നന്ദി...
എനിക്കു നീ തന്നതിനെല്ലാം നന്ദി.
ഒന്നും മിണ്ടാതെയരികിലിരുന്നു നീ
തന്നോരു ബന്ധുര നിര്‍വൃതിക്കും
ഞാനറിയാതെയെന്റെ നേര്‍ക്കു നീളും മിഴി-
ക്കോണില് തുളുമ്പിയോരാര്ദ്രതക്കും
പിന്നെയാ ചൊടിതന്നില്‍ വിടര്‍ന്നൊരാ
ചമ്പകപ്പൂവിതള്‍ പുഞ്ചിരിക്കും
കാറ്റിലുലഞ്ഞ മുടിച്ചാര്‍ത്തില്‍ നിന്നെന്റെ
കൈക്കുമ്പിളില്‍ വീണ പൂവുകള്‍ക്കും
ഒന്നും പറയാതെ പോയി നീയെങ്കിലും
ഓര്‍മ്മയില്‍ പെയ്യും സുഗന്ധത്തിനും
ഇത്തിരി നേരമെന്നാകിലും നീയെന്റെ
സ്വപ്നങ്ങളില്‍വന്നു പോവതിന്നും,
എങ്ങുനിന്നോ ഒരു കുഞ്ഞരിപ്രവായ് വ -
ന്നെന്‍ സുഖമാരായും കൊഞ്ചലിനും
നൊന്തെരിയുന്നൊരെന്‍ മണ്‍ചിരാതിന്‍ പ്രാണ -
തന്തുവില്‍ സ്നേഹം ചൊരിവതിന്നും,
നന്ദി! പ്രിയസഖീ നന്ദി! എനിക്ക് നീ
തന്നതിനെല്ലാം... തരാത്തതിനും...
.......................... ഒ.എന്‍.വി.
Thursday, November 20, 2008
സ്നേഹിച്ചു തീരാത്തവര്‍
സഖി, നിനക്കായി ഞാന്‍ പാടിയ പാട്ടെല്ലാം
അഗതികളായിങ്ങലഞ്ഞിടുന്നു മണ്ണില്‍!
തിരയുന്നു ഞാനുമെന്‍ ഗാനവും നിന്നെ
വേര്‍പിരിയുന്നു വീണ്ടും നാമീയിരുളില്‍!
ഇരുജന്മവേളകല്ക്കിടയില്
മൃതിയെന്നോരിടവേള വേണമെന്നാകിലാകട്ടെ!
വിടപറയാം പുനര്ദര്‍ശനഭാഗ്യം
നേര്ന്നിതുവഴി വീണ്ടും വന്നണയുമെങ്കില്!
ഇവിടെ നാം പാടാത്ത പാട്ടില്ല!
നിന്റെയീ നിടിലതിലത്രേയെന്‍ നീലാകാശം!
ഇനി നാളെയെന്‍ മിഴി മങ്ങുമ്പോള്‍, കാഴ്ചകള്‍
ഇരുളുമ്പോള്‍, നീയാണെന്‍ മിഴികള്‍!
.......................... O.N.V
Tuesday, September 23, 2008
കനല്‍
കാത്തു സൂക്ഷിച്ചൊരു സ്നേഹത്തിന്‍ തിരിനാളം...
കത്തി ജ്വലിക്കുമൊരു വേദനയായ് മാറുന്നു.
അണക്കാനാകില്ലൊരിക്കലും മറവിയാല്‍...
കനലായ് മാറിയൊരു ഹൃദയത്തിന്‍ നോവിനെ.
ചേര്‍ത്തുവെക്കാം ഇതുംകൂടെയെന്‍ ഓര്‍മ്മചെപ്പില്‍...
ചിതയിലേക്കുള്ള എന്റെ വിലപ്പെട്ട സമ്പാദ്യമായ്.
................................. അഭി
Wednesday, September 3, 2008
നഷ്ടപ്പെട്ട നീലാംബരി
ഇന്നാകാശത്തില്‍ കത്തിയെരിയുന്ന മുഖം എന്നെ ഓര്‍മിപ്പിക്കുന്നതെന്താണ്? കിനാവള്ളി പോലെ എന്നെ വരിയുന്ന കൈകള്‍ ആരുടേതാണ്? എന്റെ മുറിയുടെ നിശ്ശബ്തതയില്‍ ചുണ്ടില്‍ ചുണ്ടമര്‍ത്തിയതാരാണ്?
.................. മാധവിക്കുട്ടി (നഷ്ടപ്പെട്ട നീലാംബരി)
Thursday, August 7, 2008
പ്രണയം ഒരു ശാപമെന്നോ?
പ്രണയം... പ്രണയം അതൊരു ശാപമെന്നോ?
ആര്‍ക്ക്? ആരോട് ?
എങ്ങനെയൊക്കെ? എന്തിനൊക്കെ? എപ്പോഴൊക്കെ?
പ്രണയിക്കുക എളുപ്പമാണ്
പ്രണയിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത്.
ഭൂമി നിറയെ പൂക്കള്‍
എന്റെയീ കൈക്കുടന്നയിലെത്ര കൊള്ളും?
ഭൂമി നിറയെ പ്രണയം
ഒരു പെണ്ണിന്റെ കണ്ണിലെത്ര കൊള്ളും?
.................. പ്രശാന്ത് നാരായണന്‍ (ഛായാമുഖി)