Saturday, February 21, 2009

ഒരു നാള്‍...

ഒരു നാള്‍ എന്റെ ഹ്യദയത്തിന്റെ
ചുവപ്പു നീ തിരിച്ചറിയും
അന്നെന്റെ രക്തം കൊണ്ടു മേഘങ്ങള്‍ ചുവക്കും.
എന്റെ നിശ്വാസത്തിന്‍റ കാറ്റില്‍
ചുവന്ന മഴയായി അതു പെയ്തു വീഴും.
അന്നു ഭൂമിയിലെ മുഴുവന്‍ പൂക്കളും
ചുവന്നു പൂക്കും അപ്പോള്‍...
ഒരു പക്ഷേ ഞാന്‍ മരിച്ചിരിക്കും...

.............. ഖലീല്‍ ജിബ്രാന്‍

Saturday, February 14, 2009

നീ അരികില്‍ മെല്ലെ പൊഴിയൂ

ഇളം നീല നീല മിഴികള്‍
നിന്‍ തേങ്ങലോലും മൊഴികള്‍
എന്നാത്മ മൌനമേ നീ
കുളിര്‍ വീണുറങ്ങുവാനായ്
അരികില്‍ മെല്ലെ പൊഴിയൂ...

ഈ രാവിലേത് മൌനം
എന്‍ ജാലകത്തില്‍ വന്നൂ
പൊന്‍ താരകങ്ങള്‍ വിരികെ
നിന്‍ നിസ്വനങ്ങള്‍ മറയെ
എന്‍ നെഞ്ചിതൊന്നു മുറിയും...

............... റീത്ത പോള്‍

Friday, February 13, 2009

ഒരു കാമുകന്റെ പഴയ ഡയറിയില്‍ നിന്ന്

സ്വപ്നങ്ങളില്‍ പൂക്കളുടെ സുഗന്ധം ഞാനനുഭവിച്ചത് നിന്നെ കണ്ടതിനു ശേഷമായിരുന്നു. രാത്രികള്‍ മഞ്ഞു വീണു തണുത്തിരുന്നു. ഒരു കൈയില്‍ നിലാവിനേയും മറുകൈയ്യില്‍ നിന്റെ വിരല്‍ത്തുമ്പും പിടിച്ചു ആകാശചെരുവിലൂടെ പറന്നു പോകുന്ന ഒരു സ്വപ്നം എന്നും എന്റെയുള്ളിലുണ്ട്.

പുരാതനകാലത്തിലെ ഏതോ ഒരു വഴിപടം നോക്കി യാത്രചെയ്യുകയാണിപ്പോള്. എനിക്ക് പോകേണ്ടതും എത്തേണ്ടതുമായ ആ ലക്ഷ്യത്തിലേക്ക്. ഇനി എത്ര നാള്‍? അറിയില്ല. പക്ഷെ ഒന്നറിയാം, നിന്റെ കണ്ണുകളിലൂടെ ഞാനവിടെ എത്തും. അതൊരു വിശ്വാസമാണ്. ശക്തിയാണ്. അത് മാത്രമാണ് ശാശ്വതമായ സത്യവും.

ഞാന്‍ കാത്തിരിക്കുന്നു. നിലാവിന്റെ വെളിച്ചം നമ്മോട് ഒപ്പമുണ്ടാവും. ഇല്ലേ...?

കനിവിന്റെ തണുത്ത കാറ്റുമായി നിന്റെ അക്ഷരങ്ങള്‍ ഇനിയെന്ന്...

എന്നും എപ്പോഴും നിന്റേതു മാത്രം.

........................... മധുപാല്‍

Thursday, February 12, 2009

ഒരു പ്രണയഗീതം

കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെന്റെ
കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും
കണ്ണിന്റെ നക്ഷത്രജാലകത്തില്‍കൂടി
ജന്മാന്തരങ്ങളെക്കണ്ടുമൂര്‍ഛിച്ചതും,
എന്നോ കറുത്ത തിരശ്ശീല വീണതാം
ഉന്മാദ നാടകരംഗസ്മരണകള്

.............. ബാലചന്ദ്രന്‍ ചുള്ളിക്കാട്

Saturday, February 7, 2009

ഒരു മഴക്കാലത്തില്‍ നനഞ്ഞ്

എന്താണ് കവിത?
ഒരിക്കല്‍ അവളെന്നോടു ചോദിച്ചു.
നിന്റെ കണ്ണും
കണ്ണിലെ കടലും
പാല്‍ത്തിരയും എന്നെ കവിയാക്കുന്നു...
എന്താണ് പ്രണയം?
ഒരു മഴക്കാലം കണ്ണിലലിയിച്ചു
അവളെന്നെ നനച്ചു...
പുഴയോഴുക്കിന്റെ താളത്തിനൊത്ത്,
കാടും മേടും താണ്ടിയുള്ള
തീര്ത്ഥയാത്രയത്
ഒരിലത്തണലിന്റെ അഭയമാണ്
പ്രണയം....

....................... ഷംസുദീന്‍ കുട്ടോത്ത്

ബാക്കിപത്രം

'ഒന്നും പറയാനില്ലേ?'
'ഒന്നു ചോദിക്കണമെന്നുണ്ട്.'
'ഉം-?'
'എന്നെ വെറുത്തു തുടങ്ങിയോ?'
'എന്തിന്?'
'ഒരിക്കല്‍ സ്നേഹിച്ചിരുന്നതുകൊണ്ട് .'

................ മാധവിക്കുട്ടി (തരിശുനിലം)

ചിന്നഹള്ളിയിലെ തണുത്ത രാത്രികള്‍

നീ എനിക്കായ് അകലെ കാത്തിരിക്കുന്നു. മൂടല്‍ മഞ്ഞില്‍ ഉറങ്ങിക്കിടക്കുന്ന താഴ്വരകളുടെ നാട്ടില്‍ നീ തന്ന സ്വപ്നങ്ങളുടെ പ്രണയകാലവുമായ് ഞാന്‍ ഇവിടെയും. ഓരോ ദിവസവും ഓരോ നിമിഷവും ഞാന്‍ നിന്നോട് കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നു. നിന്നിലേക്കുള്ള എന്‍റെ യാത്ര , അത് തുടങ്ങിക്കഴിഞ്ഞു. ഞാന്‍ വരുന്നു, നിന്നെയും തേടി, തണുത്ത കാറ്റും വിളഞ്ഞു നില്‍ക്കുന്ന വയലുകളും പിന്നെ മഞ്ഞു മൂടിയ മലനിരകളുമുള്ള നിന്റെ താഴവരയിലേയ്ക്ക്...

...................... ശിവ