ചില നിമിഷത്തിലേകാകിയാം പ്രാണന്‍
അലയുമാര്ത്തനായ് ഭൂതായനങ്ങളില്‍
ഇരുളിലപ്പോഴുദിക്കുന്നു നിന്‍ മുഖം
കരുണമാം ജനനാന്തര സാന്ത്വനം.
നിറമിഴിനീരില്‍ മുങ്ങും തുളസിതന്‍
കതിരുപോലുടന്‍ ശുദ്ധനാകുന്നു ഞാന്‍
അരുതു ചൊല്ലുവാന്‍ നന്ദി; കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരിക്കുക
സമയമാകുന്നു പോകുവാന്‍ --- രാത്രിതന്‍
നിഴലുകള്‍ നമ്മള്‍ --- പണ്ടേ പിരിഞ്ഞവര്‍.
.............. ബാലചന്ദ്രന്‍ ചുള്ളിക്കാട്
Thursday, May 7, 2009
സന്ദര്‍ശനം
Thursday, February 12, 2009
ഒരു പ്രണയഗീതം
കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെന്റെ
കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും
കണ്ണിന്റെ നക്ഷത്രജാലകത്തില്‍കൂടി
ജന്മാന്തരങ്ങളെക്കണ്ടുമൂര്‍ഛിച്ചതും,
എന്നോ കറുത്ത തിരശ്ശീല വീണതാം
ഉന്മാദ നാടകരംഗസ്മരണകള്
.............. ബാലചന്ദ്രന്‍ ചുള്ളിക്കാട്
Saturday, May 3, 2008
പിറക്കാത്ത മകന്
"അച്ഛാ, എന്റെ പോന്നച്ഛാ, എന്നെ കൊല്ലല്ലേ. സപ്താശ്വരധത്തില്‍ എഴുന്നള്ളുന്ന ജപാകുസുമസങ്കാശനും സര്‍വ്വപാപഘ്നനും ആയ സൂര്യദേവന്റെ മഹാദ്യുതി ഞാനും ഒരിക്കല്‍ കണ്ടു കൊള്ളട്ടെ. സമുദ്രവസനയും രത്നഗര്‍ഭയുമായ ഭൂമീദേവിയെ ഒരിക്കലെങ്കിലും ഞാനും സ്പര്‍ശിച്ചു കൊള്ളട്ടെ. ഈരേഴുപതിന്നാല് ലോകങ്ങളിലും വച്ച് ഏറ്റവും മാധുര്യമേറിയ അമൃതമായ മാതൃസ്തന്യം ഒരു തുള്ളി ഞാനും രുചിച്ചു കൊള്ളട്ടെ.
അച്ഛാ, എന്റെ പോന്നച്ഛാ, എന്നെ കൊല്ലല്ലേ."
ഇല്ല ഞാനൊന്നും കേട്ടില്ല. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ വിറയ്ക്കുന്ന കൈയോടെ എന്റെ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭത്തില്‍ വെച്ചു കൊല്ലാനുള്ള സമ്മതപത്രം ഞാന്‍ ഒപ്പിട്ടു കൊടുത്തു.
നിര്‍ഭാഗ്യവാനായ മകനെ, നിര്‍ഭാഗ്യവതിയായ അമ്മേ, മഹാപാതകിയായ ഈ പിതാവിനോട് പൊറുക്കണേ.
എന്റെ ഉള്ളില്‍, കണ്ണുനീരിന്റെ കരിങ്കടല്‍ കടഞ്ഞു സര്‍പ്പകേശിനിയും രക്തനേത്രയുമായ കാവ്യദേവത കാകോള കുംഭവുമായി ഉയര്‍ന്നു വന്നു. ഞാനാ വിഷകുംഭം വാങ്ങി സസന്തോഷം കുടിച്ചു. തൊണ്ട പൊള്ളിക്കൊണ്ടു പാടി.
"ലോകാവസാനം വരേയ്ക്കും പിറക്കാതെ
പോകട്ടെ നീയെന്‍ മകനെ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞു വിളിക്കുവാന്‍
ആരെനിക്കുള്ളൂ നിയല്ലാതെ - എങ്കിലും
പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?
അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍
ഗര്‍ഭത്തിലെ കണ്ണു പൊട്ടിയ വാക്കുകള്‍
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ
ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ് മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍.
മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.
ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്, കാലത്രയങ്ങള്‍ക്കതീതനായ്."
.......................... ബാലചന്ദ്രന്‍ ചുള്ളിക്കാട് (ചിദംബര സ്മരണ)
ആലാപനം : ബഹുവ്രീഹി
Saturday, February 23, 2008
പിതൃസ്മരണ *
സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങുന്നു. അന്തിവേയിലേറ്റു വെള്ളം തിളങ്ങി, നദി കനകധാരയായി. ഞാന്‍ കോടിത്തോര്‍ത്തൂടുത്ത് വായ്കെട്ടഴിച്ച അസ്ഥികലശവുമായി വെള്ളത്തിലിറങ്ങി. ഒഴുക്കിന് ഇളം ചൂട്.
തലക്ക് മുകളിലൂടെ അസ്ഥികലശം പിന്നോട്ടെറിഞ്ഞു ഉള്ളില്‍ "എന്റെ അച്ഛാ" എന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ നദിയില്‍ ആണ്ടുമുങ്ങി.
എന്റെ തലയ്ക്കു മുകളിലൂടെ ജലപ്രവാഹം.
കാലപ്രവാഹം. 
ജലമായി,
കാലമായി,
ജനനമായി,
മരണമായി,
ദുഃഖമായി,
ആനന്ദമായി,
പശ്ചാത്താപമായി,
കണ്ണുനീരായി,
സ്നേഹമായി,
കാരുണ്യമായി,
ചൈതന്യമായി,
സകലം നിറഞ്ഞ പ്രപഞ്ചമായി,
ഈശ്വരന്‍ പ്രവഹിക്കുകയാണ്!
ആ മഹാപ്രവാഹത്തില്‍ ഞാന്‍ മൂന്നുരു മുങ്ങിനീര്‍ന്നു.
ഒരു ജന്മം കൂടി കഴിഞ്ഞു.
..........................ബാലചന്ദ്രന്‍ ചുള്ളിക്കാട് (ചിദംബര സ്മരണ)
Wednesday, February 13, 2008
ഏറ്റവും ദുഃഖഭരിതമായ വരികള്‍
ഇനിയൊരിക്കലും സ്നേഹിക്കയില്ല 
ഞാനവളെ എങ്കിലും സ്നേഹിച്ചുപോയിടാം.
പ്രണയമത്രമേല്‍ ഹ്രസ്വമാം, വിസ്മൃതി -
യതിലുമെത്രയോ ദീര്‍ഘം!
ഇതുപോലെ പല നിശകളിലെന്റെയിക്കൈകളി-
ലവളെ വാരിയെടുക്കയാലാകണം
ഹൃദയമിത്രമേലാകുലമാകുന്നതവളെ-
യെന്നേക്കുമായിപ്പിരിഞ്ഞതില്‍.
അവള്‍ സഹിപ്പിച്ച ദുഃഖശതങ്ങളില്‍
ഒടുവിലത്തെസ്സഹനമിതെങ്കിലും
ഇതുവരേയ്ക്കവള്‍ക്കായ് കുറിച്ചതില്‍
ഒടുവിലത്തെ കവിതയിതെങ്കിലും...
----------------------- Pablo Neruda (Tonight I can write the saddest lines)
വിവര്‍ത്തനം : ബാലചന്ദ്രന്‍ ചുള്ളിക്കാട്
Sunday, February 10, 2008
ചിദംബര സ്മരണ *
"മാപ്പു ചോദിപ്പൂ വിഷം കുടിച്ചിന്നലെ
രാത്രിയില്‍ ഞാന്‍ നിന്നരികിലിരുന്നുവോ?"
ചോര എരിയുന്ന തോണ്ടയോടെ ആ കവിത മുഴുവന്‍ ഞാന്‍ ചൊല്ലിത്തീര്‍ത്തു. വിധി കാത്തുനില്‍ക്കുന്ന കൊലപതാകിയെപ്പോലെ, നെഞ്ചില്‍ കൈയമര്‍ത്തി ഞാന്‍ ചെവിയോര്‍ത്തു കിടന്നു. ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം അവളുടെ കരുണാര്‍ദ്രമായ ശബ്ദം: "മാപ്പു തരാന്‍ ഞാന്‍ ആരാണ് ബാലാ?" എനിക്ക് വാക്കുകള്‍ ഇല്ലായിരുന്നു. അപ്പുറത്ത് നിന്നു ഒരു തേങ്ങല്‍ കേട്ടുവോ? ഞാന്‍ റിസീവര്‍ താഴെ വെച്ചു.
പിന്നീടൊരിക്കല്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തിരുന്ന് അവള്‍ക്കു വേണ്ടി ആ കവിത ഞാന്‍ വീണ്ടും ചൊല്ലി. അലയോടുങ്ങാത്ത കടല്‍ നോക്കി അവള്‍ നിശ്ശബ്ദയായി ഇരുന്നു. ആ കണ്ണുകളുടെ കരിനീലസമുദ്രത്തില്‍ എന്റെ സന്ധ്യ മുങ്ങി മരിച്ചു.
ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങള്‍ക്കായി എപ്പോഴും കാത്തു വെക്കുന്നു.
..........................ബാലചന്ദ്രന്‍ ചുള്ളിക്കാട് (ചിദംബര സ്മരണ)
Sunday, January 13, 2008
ആനന്ദധാര
ചൂടാതെ പോയി നീ നിനക്കായ് ഞാന്‍ ചോര
ചാറിച്ചുവപ്പിചൊരെന്‍ പനിനീര്‍പൂവുകള്‍.
കാണാതെ പോയി നീ നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നില്‍കുറിച്ചിട്ട വാക്കുകള്‍.
ഒന്നു തൊടാതെ പോയി വിരല്‍ത്തുമ്പിനാല്‍
ഇന്നും നിനക്കായ്തുടിക്കുമെന്‍ തന്ത്രികള്‍.
അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ
അന്തമെഴാത്തതാമോര്‍മകള്‍ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരത്കാല
സന്ധ്യയാണിന്നുമെനിക്കു നീയോമനെ.
ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനേ.
എന്നുമെന്‍ പാനപാത്രം നിറക്കട്ടെ
നിന്നസാന്നിദ്ധ്യം പകരുന്ന വേദന.
.................... ബാലചന്ദ്രന്‍ ചുള്ളിക്കാട്.