Tuesday, April 29, 2008

എങ്കില്‍

നിന്‍ കണ്ണുനീര്‍ മുത്തുകളായെങ്കില്‍,
അതോരോന്നും ഞാന്‍ കോര്‍ത്തെടുത്തേനെ...
നീയെന്റേതെന്നേക്കുമായെങ്കില്‍
എങ്കില്‍, ഈ ജീവിതം അവര്‍ണനീയം.

............................. അനൂപ് മോഹന്‍ (വിരാമതിലകം)

Monday, April 28, 2008

സ്റ്റിക്കര്‍

ഓര്‍ത്തിരിക്കാതെ രണ്ടു പ്രാണന്‍
തമ്മില്‍ ഒട്ടുന്നതിന്റെ
ആകസ്മികതയുണ്ട് ഏത് പ്രണയത്തിനും.
കീറിക്കൊണ്ടാല്ലാതെ വേര്‍പെടുത്താന്‍
പറ്റാത്തതിന്റെ നിസ്സഹായതയുണ്ട്
അതിന്റെ പിരിയലില്‍.

.................................. വീരാന്‍കുട്ടി

Sunday, April 27, 2008

സ്നേഹിച്ചവര്‍

ഞാന്‍ സ്നേഹിച്ചവര്‍ മറ്റാരെയോ സ്നേഹിച്ചു,
എന്നെ സ്നേഹിച്ചവര്‍ സ്നേഹം കിട്ടാതെ മരിച്ചു.

............................ കെ.പി.അശോകന്‍

Saturday, April 26, 2008

നീ

നിന്റെ ശരീരം എനിക്കൊരു തടവറയാണ്.
അതിനപ്പുറം കാണാന്‍ ‍എനിക്കു കഴിവില്ല.
നിന്റെ കറുപ്പ് എന്നെ അസ്വസ്ഥയാക്കുന്നു.

................................................. മാധവിക്കുട്ടി

Thursday, April 24, 2008

സൂക്ഷ്മത

ഏറെക്കാലം കേടുകൂടാതെ
ഇരിക്കുമെന്നു തോന്നുന്നു
നമ്മുടെ പ്രണയം,
കണ്ണുനീരിനാല്‍ നീയതിനെ
ലാമിനേറ്റ് ചെയ്യുകയാല്‍.

.................................. വീരാന്‍കുട്ടി

Wednesday, April 23, 2008

എന്നിലെ കവിത

തുറന്നു പറയാതെ പോയ സ്നേഹം,
പശ്ചാത്താപത്തിന്റെ കവിതയാകുമെങ്കില്‍
എന്നില്‍ കവിതയുണ്ട്.
നിന്നെ വേര്‍പിരിഞ്ഞതിന്റെ വേദന,
കവിതയില്‍ നൊമ്പരമാകുമെങ്കില്‍
എന്റെ കവിതയില്‍ നീയുണ്ട്‌.

........................... അഭി

Tuesday, April 22, 2008

ശലഭജന്മം

അതിരുകള്‍ നിര്‍ണയിക്കപ്പെട്ട ഒരു ലോകത്താണ് ഞാന്‍. പുറത്തു
കടക്കാനാവാതെ വളയപ്പെട്ട ഈ ചുവരുകള്‍ക്കുള്ളില്‍ പ്രയോജനമില്ലാതെ വെറുതെ പിടഞ്ഞു കൊണ്ടിരിക്കുന്നു. എന്റെ തന്നെ ചിന്തകളുടെ തടവുകാരിയായി. എവിടെ വെച്ചാണ് സ്വപ്നങ്ങളിലെ നിലാവ് മാഞ്ഞത് ? എപ്പോഴാണ് കാഴ്ചകളിലെ നിറങ്ങള്‍ മങ്ങിത്തുടങ്ങിയത് ? വേദനയുടെ നടുക്കങ്ങള്‍ ബാക്കിയാവുന്ന ഈ ലോകത്ത് ഞാന്‍ തനിച്ചാണ്. തീര്‍ത്തും തനിച്ച്.

.............................................. റിയാസ് അഹമ്മദ്

Monday, April 21, 2008

ഒറ്റപ്പതിപ്പുള്ള പുസ്തകം

ഒറ്റപ്പതിപ്പുള്ള പുസ്തകമീ ജന്മം
ഒറ്റത്തവണയോരോപുറവും
നോക്കിവയ്ക്കുവാന്‍ മാത്രം നിയോഗം
പഴയ താളൊക്കെ മറഞ്ഞു പോയി
എന്നേക്കുമെങ്കിലും...
ചിത്രങ്ങളായി കുറിമാനങ്ങളായി
ചിലതെത്രയും ഭദ്രം.

............................... ഒ.എന്‍.വി.

Sunday, April 20, 2008

ഓര്‍ക്കുക

ഒരോര്‍മ്മക്കുറിപ്പ് വായിക്കവേ നിന്‍ മിഴികള്‍ നനഞ്ഞാല്‍,
ഓര്‍ക്കുക, ഞാനെന്ന സത്യം ഇന്നും ശാശ്വതം.

പോന്പുലരിതന്‍ പൂങ്കാറ്റെന് സുഗന്ധം പകര്‍ന്നാല്‍
ഓര്ക്കുക, ഞാനെന്ന സ്വപ്നം നിന്നിലേക്കടുക്കുന്നു.

എന്നെ ഓര്‍ക്കവേ നിന്‍ മനമൊന്നു പിടഞ്ഞാല്‍,
ഓര്‍ക്കുക, ഞാനുണ്ടാവും നിന്നരികെ.

............................. അനൂപ് മോഹന്‍ (വിരാമതിലകം)

Saturday, April 19, 2008

വന്നില്ല നീ

കാമുകന്മാരും കവികളും നിദ്രയായ്
ശ്യാമവനാന്തരം നിശ്ശബ്ദഗീതമായ്
എന്നുള്ളിലലിഞ്ഞു, പുറത്തേക്കൊഴുകിയെന്‍
കണ്ണുകള്‍ നീറിയുറഞ്ഞു, വന്നില്ല നീ
കൂരിരുട്ടെത്തി, നീ വന്നില്ല, പൂമര-
പ്പൊത്തിലീ രാവുമുറങ്ങി, വന്നില്ല നീ.

................................... അയ്യപ്പപ്പണിക്കര്‍

Friday, April 18, 2008

ഞാന്‍ എന്നോട് !

കാലം വളരെയേറെ കടന്നുപോയി,
ദൂരം ഒരുപാടു നടന്നു നീങ്ങി,
സമയം വളരെയേറെ വൈകിപ്പോയി,
എന്നിലെ എന്നെ തിരിച്ചറിയാന്‍.
ഒരു പക്ഷെ, അണയുന്ന തീയുടെ-
ആളിക്കത്തലാകാം,
ഈ തിരിച്ചറിവ്.

ക്ഷമിക്കുക നീ എന്‍ ജീവിതമേ..
നാളെയെ നല്കാന്‍ എനിക്ക് കഴിയുകയില്ല,
ഇന്നലെയെ ഞാന്‍ നല്കിയതുമില്ല..
പക്ഷെ, ഈ നിമിഷം ഞാന്‍ നിന്നോട് കൂടെ-
പുതിയൊരു തിരിച്ചറിവിന്‍ വെളിച്ചവുമായ്.

........................... അഭി

Thursday, April 17, 2008

സന്ദര്‍ശനം

വെയില്‍ വെള്ളത്തിലെന്ന പോലെ
നീ എന്നില്‍ പ്രവേശിച്ചു.
മഞ്ഞ്, ഇലയില്‍ നിന്നെന്ന പോലെ
തിരിച്ചു പോവുകയും ചെയ്തു.
എങ്ങിലും നന്ദിയുണ്ട്
നിന്നോട് ...
ഈ കെട്ടിക്കിടപ്പിനെ
കുറഞ്ഞ നേരത്തേക്ക്, നീ
സ്ഫടികമെന്നു തോന്നിച്ചു.

..................... വീരാന്‍കുട്ടി

Wednesday, April 16, 2008

അറിയപ്പെടാതെ പോയ ഒരു കവിയുടെ ഓര്‍മയ്ക്ക്‌

നീ പറയുന്നു, എന്റെ കണ്ണുകള്‍
നീലത്തടാകം പോലെ നിര്‍മ്മലമാണെന്ന് !
എനിക്കറിയാം അത് കള്ളമാണെന്ന്.
എങ്കിലും ഞാനത് വിശ്വസിക്കുന്നു.
കാരണം, അത് കേള്‍ക്കാന്‍ എനിക്കിഷ്ടമാണ്.

നീ പറയുന്നു, എന്റെ ചിരി
നിലാവുപോലെ സുന്ദരമാണെന്ന് !
എനിക്കറിയാം അത് കള്ളമാണെന്ന്.
എങ്കിലും ഞാനത് വിശ്വസിക്കുന്നു.
കാരണം, അത് നീ പറയുന്നതാണല്ലോ...

................................ സൌന്ദര്യ

Tuesday, April 15, 2008

നീ എന്ന കവിത

എല്ലാ കവിതകളും അവസാനിപ്പിക്കാനുള്ള
ഒരു കവിതയാണു നീ...
ഒരു കവിത...
ശവകുടീരം പോലെ പൂര്‍ണമായ ഒരു കവിത.

....................................... മാധവിക്കുട്ടി

Monday, April 14, 2008

വിഷുക്കൈനീട്ടം


ഏതു ധൂസര സങ്കല്‍പത്തില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും
ഒരിത്തിരി കൊന്നപ്പൂവും

......................................... വൈലോപ്പിള്ളിശേഷിച്ച മാവിലൊരു കനി തരും
മുറ്റത്തു ശോഷിച്ചു നില്ക്കുന്ന കൊന്നയില്‍ പൂ തരും
അന്യോന്യമെന്നും കണിയാകുവാന്‍
മനക്കണ്ണാടിയും കതിര്‍ പൂവിളക്കും തരും
കാലത്തിനോട്ടുരുളിയില്‍ നിന്നു നാളെയെ
കൈവെള്ളയില്‍ കുഞ്ഞു കൈനീട്ടമായ് തരും

.......................................... മധുസൂദനന്‍ നായര്‍

Thursday, April 10, 2008

മരണദിനത്തിന്റെ മണിമുഴക്കം

ചിരികള്‍ തോറുമെന്‍ പട്ടടത്തീപ്പൊരി
ചിതറിടുന്നൊരരങ്ങത്തു നിന്നിനി
വിടതരൂ മതി പോകട്ടെ ഞാനുമെന്‍
നടനവിദ്യയും മൂക സംഗീതവും.

വിവിധ രീതിയില്‍ ഒറ്റ നിമിഷത്തില്‍
വിഷമമാണെനിക്കാടുവാന്‍ പാടുവാന്‍
കളരി മാറി ഞാന്‍ കച്ച കേട്ടാമിനി
കളിയരങ്ങൊന്നു മാറി നോക്കാമിനി.

പ്രണയനാടകമെന്നുമിതുവിധം
നിണമണിച്ചിലിലെത്താതിരുന്നിടാ!
മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം ! - വരുന്നു ഞാന്‍

ഇരുളിലാരുമറിയാതെത്ര നാള്‍
കരളു നൊന്തു ഞാന്‍ കേഴുമനര്‍ഗളം?
ഹൃദയമില്ലാത്ത ലോകമേ, എന്തിനാ
യതിനു കാരണം ചോദിപ്പു നീ സദാ?

....................................................... ഇടപ്പള്ളി

('മണിമുഴക്കം' ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ഏറ്റവും ഹൃദയസ്പര്‍ശിയായ കവിതയാണ്. 2007 ലെ ഏറ്റവും മികച്ച ചിത്രമായ 'അടയാളങ്ങള്‍' എന്ന ചിത്രത്തില്‍ ഇതിലെ ചില വരികള്‍ ഒരു ഗാനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'അടയാളങ്ങള്‍' നന്തനാര്‍ എന്ന എഴുത്തുകാരന്റെ ജീവിത കഥയാണ്. നന്തനാരും ഇടപ്പള്ളിയും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നത് ഒരു യാദൃശ്ചികതയാവാം.)

Monday, April 7, 2008

പിന്‍വിളികള്‍

ചില പിന്‍വിളികള്‍ അങ്ങനെയാണ്
മുറുകുന്ന വിരലുകള്‍ തമ്മില്‍
അരുതേയെന്ന് വിലക്കുന്ന പോലെ.
ഒറ്റക്കു പോകേണ്ട ദൂരങ്ങളത്രയും
നിറയുന്ന മിഴികളില്‍ തെളിയുന്ന പോലെ.
വണ്ടി നീങ്ങി തുടങ്ങുമ്പോള്‍ പിന്നെയും
കൈ വീശി തിരികെ വിളിക്കുന്ന പോലെ.
അതെ, ചില പിന്‍വിളികള്‍ അങ്ങനെയാണ്,
അത്രയ്ക്ക് നിശബ്ദമാണ്...

................................... ആമി സലീം

Sunday, April 6, 2008

കടല്‍ തീരത്ത്...

കൂട്ടുകാരാ നീ വരുന്നോ
കാട്ടില്‍ മൃതസഞ്ജീവനി തേടി
ഭൂഹൃദയത്തില്‍ നിന്ന്
ആദിത്യ ഹൃദയത്തിലേക്ക്
നക്ഷത്രങ്ങളില്‍ നിന്ന്
നക്ഷത്രങ്ങളിലേക്ക്
ഹൊ! അന്തരാളത്തില്‍ ഭൂമിയുടെ പിടച്ചില്‍.
പ്രേമം അതിന്റെ കടല്‍ തീരത്ത്
മിണ്ടാതിരിക്കുന്നു...

...................................... ഡി. വിനയചന്ദ്രന്‍

Saturday, April 5, 2008

നിഷ്ഫലമല്ലീ ജന്മം

നിഷ്ഫലമല്ലീ ജന്മം
തോഴാ നിനക്കായ്‌ പാടുമ്പോള്‍...
നിഷ്ഫലമല്ലീ ഗാനം
നീയതു മൂളി നടക്കുമ്പോള്‍...

..................... സുഗതകുമാരി

Friday, April 4, 2008

ലയനം

പങ്കുവയ്ക്കുമ്പോള്‍
ശരീരം ഭൂമിക്കും
മനസ്സ് എനിക്കും ചേര്‍ത്തു വച്ച
നിന്റെ സൂര്യനേത്രം
എന്റെ ആകാശം നിറഞ്ഞു കത്തുകയാണ്‌
മനസ്സ് ഉരുകിയോലിക്കുമ്പോള്‍
നിന്റെ സ്നേഹത്തിന്റെ നിറവ്
സിരകളില്‍ അലിഞ്ഞു ചേരുന്നു...

ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുകയാണ്
നിന്നെ മറക്കുകയെന്നത് മൃതിയാണെന്ന്
ഞാന്‍ നീ മാത്രമാണെന്ന്...

............................. നന്ദിത

Wednesday, April 2, 2008

ഏപ്രില്‍ - മേയിലെ കുറിപ്പുകള്‍

ചിറകടിച്ചു പോയ ഓരോ പെണ്‍കുട്ടിയും
ഓരോ കാറ്റും ഓരോ മണവും നിറവും
എന്റെ പ്രേമത്തിന്റെ അടയാളമായിരുന്നു.
എങ്കിലും, ഞാന്‍ പുറത്താക്കപ്പെട്ടിരിക്കുന്നു.

ഒടുവിലത്തെ പ്രണയം
എല്ലാ പ്രണയങ്ങളേയും ഉള്‍ക്കൊളളുന്നു.
ഒരിടത്തേക്കുള്ള വഴി
എല്ലാ താവളങ്ങളേയും ഉള്‍ക്കൊളളുന്നപോലെ.

........................................ മേതില്‍ രാധാകൃഷ്ണന്‍