Monday, March 31, 2008

കടമ്മനിട്ടക്ക് ആദരാഞ്ജലികള്‍

കണ്ണുവേണം ഇരുപുറം എപ്പോഴും
കണ്ണുവേണം മുകളിലും താഴേം
കണ്ണിലെപ്പോഴും കത്തിജ്വലിക്കും
ഉള്‍ക്കണ്ണു വേണം അടയാത്ത കണ്ണ്

നാളെ നിന്നെ ഞാന്‍ കൊത്തി മാറ്റുമ്പോള്‍
നാളെകള്‍ നിന്നെ മാടിവിളിക്കും...

.................................... (കോഴി)

ഓര്‍ക്കുവാനോര്‍ക്കുന്നതല്ലിതൊന്നും
ഓര്‍ത്തു പോകുന്നോര്‍മ്മ ബാക്കിയെന്നും
ഓര്‍ക്കുവാനോര്‍ക്കുന്നതല്ലിതൊന്നും
ഓര്‍ക്കുവാന്‍ പറ്റിയ നേരമല്ല...

.................................... (ചാക്കാല)

Sunday, March 30, 2008

പറയൂ ഞാനെങ്ങനെ പറയേണ്ടൂ...

പറയൂ ഞാനെങ്ങനെ പറയേണ്ടൂ
നീയിന്നുമറിയാത്തോരെന്‍ സ്നേഹനൊമ്പരങ്ങള്‍
ഒരു പൂവിനിതള്‍ കൊണ്ടു മുറിവേറ്റൊരെന്‍ പാവം
കരളിന്റെ സുഖദമാം നൊമ്പരങ്ങള്‍


അകലത്തില്‍ വിരിയുന്ന സൗഗന്ധികങ്ങള്‍ തന്‍
മദകര സൗരഭ ലഹരിയോടെ
ഇടറുന്ന പദവുമായ് അണയുന്ന കാറ്റിന്റെ
മധുരമാം മര്‍മ്മര മൊഴികളാലോ ?

ഒരു മഞ്ഞു തുള്ളിതന്‍ ആഴങ്ങളില്‍ മുങ്ങി
നിവരുമെന്‍ മോഹത്തിന്‍ മൌനത്താലോ
ഹൃദയാഭിലാഷങ്ങള്‍ നീട്ടിക്കുറുക്കുന്ന
മധുമത്ത കോകില മൊഴികളാലോ ?

.............................................. ഒ.എന്‍.വി.

Saturday, March 29, 2008

ഓര്‍മകള്‍

ഓര്‍മകള്‍ എന്നെക്കുറിച്ച്‌ ചോദിച്ചാല്‍
നീ അവയ്ക്കെന്തു ശിക്ഷ കൊടുക്കും?
നേരമായ്‌ തീരുമാനിക്കാന്‍
എന്നെയന്വേഷിച്ചിറങ്ങിയിട്ടുണ്ടവ
നാലുവഴിക്കും.
വീടുവീടാന്തരം കേറുന്ന കൂട്ടത്തില്‍
നിന്റെയടുത്തും വരാതിരിക്കില്ല.

............................ പി. രാമന്‍

Thursday, March 27, 2008

വാനപ്രസ്ഥം


"ഇപ്പോള്‍ മുന്നില്‍ വെറും ശൂന്യത. എന്തു ശൂന്യമായിരിക്കുന്നുവോ അതിലേക്ക് എല്ലാം വന്നു നിറയും എന്നു കേട്ടിട്ടില്ലേ. സമസ്ത സുഖദുഃഖങ്ങളും വന്നു നിറയുന്ന ആ ശുഭ മുഹൂര്‍ത്തത്തിനു ഞാനും കാത്തിരിക്കുകയാണ്‌. എന്നെ ഇപ്പോള്‍ ഒന്നും അലട്ടുന്നില്ല."

............................. ഷാജി എന്‍ കരുണ്‍. (വാനപ്രസ്ഥം)

Tuesday, March 25, 2008

അടയാളം

ഉണ്ടായിരിക്കണം
പണ്ടു രണ്ടാത്മാക്കള്‍
ഒന്നായ്‌ അലിഞ്ഞതിന്‍
പാടുകള്‍ നമ്മളില്‍

................................ പീ.ആര്‍. രതീഷ്‌

Thursday, March 20, 2008

ഇനി ഞാനുണര്‍ന്നിരിക്കാം നീയുറങ്ങുക

എല്ലാം മറന്നൊന്നുറങ്ങിയ യാമങ്ങള്‍
‍എന്നേക്കുമായ് അസ്തമിച്ചു പോയ്
ഇനി നമ്മിലോരാളിന്റെ നിദ്രയ്ക്കു മറ്റെയാള്‍
‍കണ്ണിമ ചിമ്മാതെ കാവല്‍ നിന്നീടണം
ഇനി ഞാനുണര്‍ന്നിരിക്കാം നീയുറങ്ങുക.

എത്ര വേഗം നീ മയക്കത്തിലാഴുന്നു
നിദ്രയിലെല്ലാ ഭയങ്ങളും മായുന്നു
നിന്‍ മുഖത്തെന്തൊരു ശാന്തത
ഈ വാഴ്വില്‍ നമ്മള്‍ക്കു നഷ്ടമായ്ത്തീര്‍ന്നൊരു ശാന്തത

എന്തേ ചിരിക്കുന്നു നീയറിയാതെ
നിന്‍ ചുണ്ടില്‍ നിഗൂഢ സ്മിതങ്ങള്‍
വിടര്‍ത്തുന്ന സ്വപ്നങ്ങള്‍ എന്റേതുമല്ലെയോ
സ്വപ്നങ്ങള്‍ ചൂടു പകര്‍ന്നു വിരിയിച്ച
സത്യങ്ങളാവുക നാം സത്യഗാഥകള്‍


ഇന്നു നീ ഭദ്രേ സുഖമായുറങ്ങുക
കണ്ണിമ പൂട്ടാതെയീ ഇടവേളയില്‍
ഇനി ഞാനുണര്‍ന്നിരിക്കാം നീയുറങ്ങുക
ഇനിയും കിനാവുകള്‍ കണ്ടു ചിരിക്കുക
ഇനി ഞാനുണര്‍ന്നിരിക്കാം നീയുറങ്ങുക.

.............................................. ഒ.എന്‍.വി.(ശാര്‍ങ്ഗകപ്പക്ഷികള്‍)

Wednesday, March 19, 2008

ഒരു കൂടിക്കാഴ്ച്ചയുടെ ഓര്‍മയ്ക്ക്‌ ...

ഇപ്പോള്‍ വീണ്ടുമൊരു കഥയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പാണ്‌. എവിടെയെല്ലാമോ ഉറങ്ങുന്ന കഥാപാത്രങ്ങള്‍ ഉണര്‍ന്ന് മനസ്സിലേക്ക് വരുന്നൊരു ദിവസമുണ്ടാവും. കഥയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിനൊരു വേദനയുണ്ട്. പ്രണയകാലത്തെ കാത്തിരിപ്പുപോലെ അതിന് പറഞ്ഞറിയിക്കാനാകാത്ത ഒരു സുഖവുമുണ്ട്.

........................................ സത്യന്‍ അന്തിക്കാട് (ഓര്‍മകളുടെ കുടമാറ്റം)

ഞാന്‍ 'ഛായാമുഖി'യിലെ ഭീമന്റെ വാക്കുകള്‍ കടമെടുക്കുകയാണ്.
"പ്രണയിക്കുക എളുപ്പമാണ്. പ്രണയിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത്."
എന്നിലെ നടന്‍ ചോദിക്കുന്നത്‌ അത് മാത്രമാണ്. ഓരോരുത്തരുടെയും പ്രണയം. നിങ്ങള്‍ അതിലെന്നെ മുക്കിക്കൊല്ലുക.

....................................................................... മോഹന്‍ലാല്‍

Tuesday, March 18, 2008

ആല്‍ഫ്രഡ്‌ ഹിച്ച്കോക്കിന്റെ പ്രേമഗാനം


എനിക്കു മുന്‍പ് നീ മരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ സ്നേഹിക്കുന്ന ഓരോ വ്യക്തിയും എനിക്കു മുന്‍പേ നശിക്കും. എങ്കില്‍ മാത്രമേ എല്ലാ നഷ്ടങ്ങളും എന്റേതാവൂ.



------------------------------------ മേതില്‍ രാധാകൃഷ്ണന്‍



ഒരു വിവാഹ മംഗള പത്രിക


ശ്രാവണസന്ധ്യയിലെ ശശിപോലെയെന്നെന്നും
സ്നേഹതൂനിലാവൊളി തൂകി
നിന്‍ സന്ധ്യയെ ധന്യയാക്കൂ.

സന്ധ്യ പണ്ടേ സുന്ദരിയായിരുന്നിരിക്കാം
പക്ഷെ ശശി കിഴക്കുദിക്കണം മാറ്റ് കൂട്ടാന്‍
പോര തീര്‍ന്നില്ല, കുഞ്ഞു താരകങ്ങളായിരം വേണം
ശശി സന്ധ്യമാര്‍ തന്‍ ജീവിത വിഹായസ്സില്‍
ശുക്ര നക്ഷത്രം പോല്‍ ഉദിക്കുവാന്‍.

----------------------- മോഹനന്‍
(This is written around 25 years back on the occasion of Sandhya Sasi's marriage.)

Thursday, March 13, 2008

ഒരു മോഹം


ഒരു സ്വപ്നത്തിലെങ്കിലും
ഒറ്റക്കു നടക്കുവാന്‍
നീ ഉണരുന്നതും
കാത്ത്
ഞാന്‍ ഉറങ്ങിക്കിടന്നു...


............................ ടി. പി. രാജീവന്‍

Wednesday, March 12, 2008

മഴ

പുറത്തു വേനല്‍ മഴ പെയ്തുകൊണ്ടിരിക്കുന്നു...

ഇരു കൈകളും നീട്ടി മഴയെ സ്വാഗതം ചെയ്യുന്ന അവളുടെ ചിത്രം ഒരിക്കല്‍കൂടി മനസ്സില്‍ തെളിഞ്ഞു. മഴയെ സ്നേഹിച്ച പെണ്‍കുട്ടീ, ഈ മഴയുടെ താളവും കുളിരും പുതുമണ്ണിന്റെ മണവും നമുക്കു മറക്കാതിരിക്കാം... ഓര്‍മകളിലെങ്കിലും...

"ഒരു പുതുമഴ നനയാന്‍
നീ കൂടി ഉണ്ടായിരുന്നെങ്കില്‍!

ഓരോ തുള്ളിയെയും
ഞാന്‍ നിന്റെ പേരിട്ടു വിളിക്കുന്നു

ഓരോ തുള്ളിയായി
ഞാന്‍ നിന്നില്‍ പെയ്തുകൊണ്ടിരിക്കുന്നു

ഒടുവില്‍ നാം ഒരു മഴയാകുംവരെ."

.................................ഡി. വിനയചന്ദ്രന്‍

Tuesday, March 11, 2008

ഇന്ദ്രിയങ്ങളില്‍ ശൈത്യം

നിന്നെ തേടി ഞാന്‍ വരുന്നു. ഈ ബ്രഹ്മാണ്ഡത്തില്‍ എവിടെയോ നീ ഉണ്ട്. മറ്റാരോ ആയി. പക്ഷിയായി മാനായി അല്ലെങ്കില്‍ ചിത്രശലഭമായി. സൃഷ്ടിപരമ്പരകളിലൂടെ ഞാന്‍ നിന്നെ തേടും. നിന്നെ പ്രാപിക്കാനായി പക്ഷിയും മാനും ചിത്രശലഭവുമായി ഞാന്‍ ജനിക്കും. നിന്റെ നെഞ്ചില്‍ തലചായ്ച്ച് എന്റെ ദുഃഖങ്ങള്‍ മറക്കുവാനായി ഞാന്‍ ജന്മങ്ങളും പുനര്‍ജന്മങ്ങളും പൂകാം.

സൃഷ്ടിപരമ്പരകളിലൂടെയുള്ള, നിന്നെ തേടിയുള്ള എന്റെ യാത്ര തുടരുന്നു...

...................................................................... എം. മുകുന്ദന്‍