Friday, February 22, 2008

നന്ദി

നന്ദി, നീ നല്‍കാന്‍ മടിച്ച പൂച്ചെണ്ടുകള്‍ക്ക്
എന്റെ വിളക്കിലെരിയാത്ത ജ്വാലകള്‍ക്ക്
എന്‍ മണ്ണില്‍ വീണൊഴുകാത്ത മുകിലുകള്‍ക്ക്
എന്നെത്തഴുകാതെ, എന്നില്‍ തളിര്‍ക്കാതെ
എങ്ങോ മറഞ്ഞോരുഷ:സന്ധ്യകള്‍ക്ക്
എന്റെ കണ്ണിലുടഞ്ഞ കിനാവിന്‍ കുമിളകള്‍ക്കെല്ലാം
എനിക്കു നീ നല്‍കാന്‍ മടിച്ചവക്കെല്ലാം
പ്രിയപ്പെട്ട ജീവിതമേ നന്ദി.... നന്ദി...

....................................... ഒ.എന്‍.വി.

എന്റെ വഴിയിലെ വെയിലിനും നന്ദി
എന്റെ ചുമലിലെ ചുമടിനും നന്ദി
എന്റെ വഴിയിലെ തണലിനും
മരക്കൊമ്പിലെ കൊച്ചു കുയിലിനും നന്ദി...

ദൂരെയാരോ കൊളുത്തി നീട്ടുമാ
ദീപവും നോക്കി ഏറെ ഏകയായ്‌
കാത്തു വെക്കുവാന്‍ ഒന്നുമില്ലാതെ
തീര്‍ത്തു ചൊല്ലുവാന്‍ അറിവുമില്ലാതെ
പൂക്കളിലാതെ പുലരിയില്ലാതെ ആര്‍ദ്രമേതോ വിളിക്കു പിന്നിലായ്
പാട്ടു മൂളി ഞാന്‍ പോകവേ നിങ്ങള്‍ കേട്ടു നിന്നുവോ
തോഴരേ നന്ദി... നന്ദി...


....................................... സുഗതകുമാരി

നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ...
മാഞ്ഞു പോകുന്നൂ ശിരോലിഖിതങ്ങളും
മായുന്നു മാറാല കെട്ടിയ ചിന്തയും
പകിട പന്ത്രണ്ടും കളിച്ച സ്വപ്നങ്ങളേ
പലകുറി നിങ്ങള്‍ക്കു സ്വ്വസ്തിയെകട്ടെ ഞാന്‍...

....................................... കോന്നിയൂര്‍ ഭാസ്

എന്റെ വഴികളില്‍ മൂകസാന്ത്വനമായ പൂവുകളെ
എന്റെ മിഴികളില്‍ വീണുടഞ്ഞ കിനാക്കളേ നന്ദി
ഹൃദയമെരിയെ അലരിമലരായ് പൂത്തിറങ്ങിയ വേനലെ
തളരുമീയുടല്‍ താങ്ങി നിര്‍ത്തിയ പരമമാം കാരുണ്യമേ നന്ദി.. നന്ദി..
യാത്ര തുടരുന്നൂ ശുഭയാത്ര നേര്‍ന്നു വരൂ...

....................................... O.N.V

No comments: