Sunday, February 10, 2008

വാടക വീട്

നമ്മുടേതല്ലീ വീടും കുളവും കാവും കുളിര്‍
ചാമരം വീശും കാറ്റും സാന്ധ്യശോണിമകളും.
നമ്മുടേതല്ലീ നടുമുറ്റവും മഴയ്ക്കൊപ്പം
കിന്നരം മീട്ടുമീ നാലിറയങ്ങളും.

നമ്മുടേതല്ലീ വീട്ടിന്‍ കോടിയില്‍ നാം തൂക്കിയ
നല്ലോലക്കിളിക്കൂടും നെന്മണിക്കതിര്‍കളും.
(കൂട്ടില്‍ വന്നിരിക്കുന്ന കിളിയെക്കാണാതെ നീ
വീര്‍പ്പിട്ട സായാഹ്നങ്ങളെത്ര പോയിതുവഴി).

നമ്മുടേതല്ലീ വീടും വീടിന്റെ സംഗീതവും
നമ്മള്‍ പോവുന്നൂ കാലദേശങ്ങളറിയാതെ
യാത്രയനന്തമാം യാത്രയാണിടക്കല്പ-
മാത്രമായോന്നിളവേല്ക്കാന്‍ വീടു തേടുന്നോര്‍ നമ്മള്‍.

------------------ കിടങ്ങറ ശ്രീവല്‍സന്‍ (ആലയസംഗമം)
(അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളില്‍ നിന്നും ഒരേട്)

1 comment:

siva // ശിവ said...

നല്ല കവിത... ഇനിയും എഴുതൂ.....