Wednesday, February 6, 2008

മനസ്സു മനസ്സിനോട്‌ പറഞ്ഞതു...

പ്രണയം - ജീവിതപ്രയാണത്തില്‍ ഒരു നിമിഷം നിന്നു തിരിഞ്ഞു നോക്കിയപ്പോള്‍ ചില ചിത്രങ്ങള്‍ കണ്ടു. നിറം മങ്ങാത്തവ, പ്രണയമൂറുന്നവ. അവയുടെ തണുപ്പു മനസ്സിനെ നനച്ചു കൊണ്ടിരിക്കുന്നു. വേനലുകള്‍ക്കപ്പുറത്തേക്ക് നടക്കാന്‍ ശക്തി തരുന്നു. എന്റെ പ്രണയം വ്യക്തികളിലേക്കു മാത്രം ഒതുങ്ങുന്ന ഒന്നല്ല. വ്യക്തികളും സ്ഥലങ്ങളും സൌഹൃദങ്ങളും അപൂര്‍വമായ നിമിഷങ്ങളും ശീലങ്ങളും എല്ലാം എന്റെ പ്രണയത്തിന്റെ പ്രഭാവലയത്തിനുള്ളില്‍ വരും. അവയെല്ലാം ചേര്‍ന്നാണ്‌ എന്റെ ജീവിതത്തെ എന്നും വസന്തമായി നിലനിര്‍ത്തുന്നത്‌.

അമ്മ - തണലും തണുപ്പുമേകുന്ന ആല്‍മരം പോലെയാണ് അമ്മ. ഓരോ തവണയും തളരുമ്പോള്‍ ഞാന്‍ ആ മാറിലേക്ക് മനസ്സുകൊണ്ട്‌ മുഖം ചേര്‍ത്തുവെക്കുന്നു. അവിടെ സ്നേഹത്തിന്റെ പാലാഴി ഇരമ്പുന്നത് കേള്‍ക്കുന്നു.

മരണം - പതിഞ്ഞ കാലോച്ചയുമായി അത് എവിടെയോ പതിയിരിക്കുന്നുണ്ട്, എനിക്കറിയാം. അതിന് എപ്പോള്‍ വേണമെങ്കിലും കടന്നു വരാന്‍ ഞാന്‍ എന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു. തയ്യാറായിരിക്കുന്നു.

............................................................ മോഹന്‍ലാല്‍
(ഋതുമര്‍മ്മരങ്ങള്‍ - Published by DC Books on Feb 2008)

1 comment:

വെള്ളെഴുത്ത് said...

നന്നായി. വായിച്ചതിലൂടെ ഒന്നുകൂടി പോകാം വായിക്കാത്തവ കുറിച്ച് നോക്കി നടക്കാം..